മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദുക്റാന തിരുനാള്‍
Friday, February 13, 2015 8:19 AM IST
മസ്കറ്റ്: പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നോത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 83-ാമത് ദുക്റാന തിരുനാള്‍ ഫെബ്രുവരി 15 മുതല്‍ 20 വരെ തീയതികളില്‍ മസ്കറ്റ് സെന്റ് മേരീസ്
യാക്കോബായ സുറിയാനി പള്ളിയില്‍ ആഘോഷിക്കും.
മഞ്ഞനിക്കരയിലാണു പാത്രിയര്‍ക്കീസ് ബാവയുടെ കബര്‍.
ഇടവക മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റമോസ്, തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും.

15നു (ഞായര്‍) വൈകുന്നേരം 7.30ന് സന്ധ്യാ നമസ്കാരം, എട്ടിനു ചാപ്പലില്‍ വിശുദ്ധ കുര്‍ബാന, 10നു കൊടിയേറ്റ്.

18നു (ബുധന്‍) 7.30നു ചാപ്പലില്‍ സന്ധ്യാ നമസ്കാരം, ധൂപ പ്രാര്‍ഥന. തുടര്‍ന്ന് വചന പ്രഘോഷണം.

19 നു (വ്യാഴം) വൈകുന്നേരം 7.30നു പിസിഒ ഹാളില്‍ സന്ധ്യാനമസ്കാരം തുടര്‍ന്നു മര്‍ക്കോസ് മോര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

തിരുനാള്‍ സമാപനദിനമായ 20നു(വെള്ളി) 7.30നു (ചാപ്പലില്‍) സന്ധ്യാ നമസ്കാരം തുടര്‍ന്നു യൂഹന്നോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ, ധൂപപ്രാര്‍ഥന, വഴിപാടിടല്‍, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയെ തുടര്‍ന്ന് കൊടിയിറങ്ങും.

ഇടവക വികാരി ഫാ. ഡേവിസ് പി. തങ്കച്ചന്‍, ട്രസ്റി അനില്‍ പോള്‍, സെക്രട്ടറി വിനു കെ. ജോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ തിരുനാള്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം