സുരേഷ് ബായ് പട്ടേലിനു സഹായഹസ്തവുമായ് വിദേശകാര്യ മന്ത്രാലയം
Friday, February 13, 2015 8:16 AM IST
മാഡിസണ്‍ (അലബാമ): അലബാമയില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ ഗുജറാത്തില്‍നിന്നെത്തിയ ഗ്രാമീണനായ സുരേഷ് ബായ് പട്ടേലിന് പോലീസ് ബലപ്രയോഗത്തില്‍ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം സഹായഹസ്തവുമായി രംഗത്ത്.

പോലീസ് ചോദ്യംചെയ്യുന്നതിനിടെ ഇംഗ്ളീഷ് ഭാഷ അറിയില്ലാത്ത പട്ടേല്‍ നോ ഇംഗ്ളീഷ്' എന്നു മറുപടി പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ ബലമായി കൈ പുറകില്‍ കൂട്ടിപ്പിടിച്ച് നിലത്തുകിടത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നട്ടെല്ലിനു ക്ഷതം ഏല്‍ക്കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു.

ഫെബ്രുവരി ആറിനു നടന്ന സംഭവത്തില്‍ ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ ഒമ്പതിന് സസ്പെന്‍ഡ് ചെയ്തതായി പോലീസ് ചീഫ് അറിയിച്ചു.

സംഭവത്തില്‍ ഇന്ത്യന്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചു. മാഡിസന്‍ പോലീസ് ചീഫിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മേല്‍നടപടികള്‍ സ്വീകരിക്കാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍