കോഴിക്കോട് സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നു
Friday, February 13, 2015 7:05 AM IST
റിയാദ്: ജീവകാരുണ്യമേഖലയില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ ചെയ്തുവരുന്ന കോഴിക്കോട് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ തീരുമാനിച്ചു. മലബാറിലെ വിവിധ ജില്ലകളില്‍നിന്നുള്ള ആയിരക്കണക്കിനു രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും അത്താണിയായി മാറിയ കോഴിക്കോട് മെഡിക്കല്‍ കോളജിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്റര്‍ ദിവസേന ലക്ഷക്കണക്കിനു രൂപയുടെ സൌജന്യ സേവനങ്ങളാണു ചെയ്തുവരുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ മാത്രം ദിവസവും 51 പാവപ്പെട്ട കിഡ്നി രോഗികള്‍ക്കു സൌജന്യ ഡയാലിസിസ് നടത്തിവരുന്നുണ്ട്. ഇവിടെയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കായി രണ്ട് ഫാര്‍മസികള്‍, മെഡിക്കല്‍ ലബോറട്ടറി, ആംബുലന്‍സ് സര്‍വീസ് എന്നിവ സൌജന്യനിരക്കില്‍ പ്രവര്‍ത്തിച്ചു വരുന്നു.  കൂടാതെ രോഗികള്‍ക്കും സഹായികള്‍ക്കും ദിവസവും ഭക്ഷണവും റംസാനില്‍ നോമ്പുതുറ, അത്താഴം എന്നിവയും സി.എച്ച് സെന്ററിന് കീഴില്‍ പതിവായി നല്‍കി വരുന്നുണ്ട്. കോഴിക്കോട് സിഎച്ച് സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ. കോയാമു ഹാജി അധ്യക്ഷത വഹിച്ചു. 

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. എസ്. വി അര്‍ശുല്‍ അഹമ്മദ്, മൊയ്തീന്‍കോയ കല്ലമ്പാറ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി അബൂബക്കര്‍ പയ്യാനക്കല്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി വിപുലീകരിച്ചു. വൈസ് പ്രസിഡണ്ടുമാരായി അബ്ദുല്‍ റഹ്മാന്‍ ഫറോക്ക്, അബ്ദുന്നാസര്‍ മാങ്കാവ്, തേക്കുങ്ങല്‍ അഹമ്മദ്കുട്ടി, താന്നിക്കല്‍ മുഹമ്മദ് മാസ്റര്‍, അബ്ദുസമദ് പെരുമുഖം, ശരീഫ് പാലത്ത് എന്നിവരെയും സെക്രട്ടറിമാരായി അബൂബക്കര്‍ പയ്യാനക്കല്‍, എം.എ. ശുക്കൂര്‍, ബഷീര്‍ താമരശേരി, അക്ബര്‍ വേങ്ങാട്ട്, ഹനീഫ മൂര്‍ക്കനാട്, സെയ്ദ് മീഞ്ചന്ത എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍