പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തിലെ ചാരിറ്റി ഡിന്നര്‍ വന്‍വിജയം
Friday, February 13, 2015 7:01 AM IST
ന്യൂജേഴ്സി: പാറ്റേഴ്സണ്‍ സീറോ മലബാര്‍ പള്ളിയിലെ 250-ഓളം അംഗങ്ങള്‍ ഫെബ്രുവരി ഏഴിനു (ശനിയാഴ്ച) ഒന്നിച്ചുകൂടി. ഗാര്‍ഫീല്‍ഡില്‍നിന്ന് പാറ്റേഴ്സണില്‍ സ്വന്തമായി വാങ്ങിയ ദേവാലയത്തിലേക്കു മാറിയ സമൂഹം ആദ്യമായി നടത്തിയ പരിപാടി പാവങ്ങള്‍ക്കുവേണ്ടിയായതു ശ്രദ്ധേയമായി. ഈ സമൂഹത്തില്‍ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണു പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത്.

ഡിന്നറിനു തുടക്കംകുറിച്ചതു പൊതുസമ്മേളനത്തോടുകൂടിയായിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റ് ബിനുമോന്‍ ജോണ്‍ സ്വാഗതം പറഞ്ഞു. ഇടവകയിലെ എല്ലാ കുടുംബങ്ങളും, നാട്ടിലെ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തെയെങ്കിലും കണ്ടുപിടിച്ച് സഹായം ചെയ്യാന്‍ സ്വാഗതപ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഇടവകവികാരി ക്രിസ്റിയച്ചന്‍, 182 വര്‍ഷങ്ങളായി ലോകമെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു സംസാരിച്ചു. ദിവസേന 21,000ല്‍ പരം സഹജീവികളാണു ദാരിദ്യ്രം മൂലം ഈ ലോകത്തോടു വിടപറയുന്നത്. ദൈവാനുഗ്രഹം ധാരാളമായി ലഭിച്ചിട്ടുള്ള സമൂഹം കഴിയുന്നവിധത്തില്‍ പാവങ്ങളെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്വം ക്രിസ്റിയച്ചന്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസുള്ളതു ദൈവാനുഗ്രഹമാണെന്നും, ആ മനസുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിന്‍സെന്റ് ഡി പോള്‍ അംഗങ്ങള്‍ സമൂഹത്തിന്റെ സമ്പത്താണെന്നും എടുത്തുപറഞ്ഞു. തുടര്‍ന്ന് അലക്സ് പോള്‍ സൊസൈറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി. കേരളം മുതല്‍ ഹെയ്റ്റി വരെയും സഹായഹസ്തങ്ങള്‍ നീട്ടുന്ന സൊസൈറ്റി നിവാര്‍ക്കിലെ സൂപ്പ് കിച്ചണില്‍ തുടര്‍ച്ചയായി സേവനം ചെയ്തുവരുന്നു.

പൊതുസമ്മേളനം നടക്കുന്നതിനിടെ സൊസൈറ്റി അംഗങ്ങള്‍ സദസിലിരിക്കുന്നവര്‍ക്കുമൂന്നുകോഴ്സ് ഡിന്നര്‍ നാടന്‍ സ്റൈലില്‍ വിളമ്പിക്കൊണ്ടിരുന്നു. സമ്മേളനത്തിനുശേഷം കലാപരിപാടികള്‍ അരങ്ങേറി. പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ നടത്തിയ പാട്ടുകളും, ഡാന്‍സുകളും കാണികളുടെ മനംകവര്‍ന്നു. ശില്പ ഫ്രാന്‍സിസും ആല്‍വിന്‍ ജോര്‍ജും പ്രോഗ്രാമിനു നേതൃത്വം നല്‍കി. ഫിലിപ്പ് സ്റീഫന്റെ നന്ദി പ്രസംഗത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം