സഭയില്‍ കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കരുത്: ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്
Thursday, February 12, 2015 8:55 AM IST
ന്യൂയോര്‍ക്ക്: സഭയുടെ വളര്‍ച്ചയെ അളക്കുന്ന മാനദണ്ഡം ബാഹ്യമായി കെട്ടിയുയര്‍ത്തുന്ന കെട്ടിടങ്ങളോ, സ്ഥാപനങ്ങളോ അല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ജനങ്ങളായിരിക്കണമെന്നു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി.

ആധുനികസൌകര്യങ്ങളും സുഖങ്ങളും സഭയുടെ അപ്പസ്തോലിക ദൌത്യ നിര്‍വഹണത്തിന് ഒരിക്കലും തടസമാകരുത്. എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുക എന്നതായിരിക്കണം സഭയുടെ മുഖ മുദ്ര. മതഭക്തിക്കൊണ്ടല്ല ആധ്യാത്മിക ജീവിതത്തിലൂടെയാണു സഭ നവീകരിക്കപ്പെടേണ്ടതും.

വ്യക്തികള്‍ തമ്മിലുള്ള ഐക്യം, കുടുംബങ്ങള്‍ തമ്മിലുളള ഐക്യം, വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം എന്നിവയാണു സഭയെ ബലപ്പെടുത്തേണ്ടതെന്ന് എപ്പിസ്കോപ്പ പറഞ്ഞു. യോഗത്തില്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍