കെഎച്ച്എന്‍എ 2015 ഗീതാ പ്രചാരണ വര്‍ഷമായി ആചരിക്കുന്നു
Thursday, February 12, 2015 7:36 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദുഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാപ്രചാരണ വര്‍ഷമായി ആചരിക്കാന്‍ കെഎച്ച്എന്‍എ ഭരണസമിതി യോഗം തീരുമാനിച്ചു.

സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനും അവരെ ഒന്നിപ്പിക്കുവാനും അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കുംവേണ്ടിയാണു ശ്രീമദ് ഭഗവദ്ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിശ്വ വിഖ്യാത ശാസ്ത്രജ്ഞരെയും സാഹിത്യ കുലപതികളെയും രാഷ്ട്രതന്ത്രജ്ഞരെയും വരെ സ്വാധീനിച്ച ചരിത്രമുള്ള ഈ ഗ്രന്ഥം അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവ വേദ്യമാകുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ കെഎച്ച്എന്‍എ മുന്‍കൈയെടുക്കും. ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമേരിക്കയിലെ വിവിധ സ്കൂളുകളിലും സര്‍വകലാശാലകളിലും ഇപ്പോള്‍ത്തന്നെ ഗീത പഠനവിഷയമാണ്. ഇതു കൂടാതെ ബിസിനസ് മാനേജ്മെന്റിന് ഉത്തേജനം നല്കുന്നു എന്ന നിലയില്‍ കോര്‍പറേറ്റ് സെക്ടറിലും ഭഗവദ് ഗീത പ്രിയങ്കരമായിക്കൊണ്ടിരിക്കുന്നു.

ഗീതാ പ്രചാരണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി വൈസ് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സുരേന്ദ്രന്‍ നായര്‍ (ഡിട്രോയിറ്റ്), ജോയിന്റ് സെക്രട്ടറി രഞ്ജിത് നായര്‍ (ഹൂസ്റണ്‍), ഡയറക്ടര്‍ ബോര്‍ഡ് അംഗം കൃഷ്ണരാജ് (ന്യൂയോര്‍ക്ക്) എന്നിവരെ യോഗം ചുമതലപ്പെടുത്തി. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം