നോര്‍ത്ത് കരോളിനയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു
Thursday, February 12, 2015 7:35 AM IST
ചാപ്പല്‍ ഹില്‍ (നോര്‍ത്ത് കരോളിന): യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോളിനയിലെ (ചാപ്പല്‍ഹില്‍) മൂന്നു വിദ്യാര്‍ഥികള്‍ ഫെബ്രുവരി പത്തിനു (ചൊവ്വാഴ്ച) വെടിയേറ്റു മരിച്ചു. യൂണിവേഴ്സിറ്റിക്കു സമീപമുളള അപ്പാര്‍ട്ട്മെന്റിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്െടത്തിയത്.

യൂണിവേഴ്സിറ്റി ഡന്റല്‍ കോളജ് വിദ്യാര്‍ഥികളായ ഡിയ ഷാഡി ബറക്കറ്റ് (23), ഭാര്യ യസര്‍ മുഹമ്മദ് (21), യസറിന്റെ സഹോദരി റസല്‍ മുഹമ്മദ് അബ് സല്‍ഹ (19) എന്നിവരെ വെടിവച്ചുവെന്നു പറയപ്പെടുന്ന ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്ക് സിനെ (46) പോലീസ് അറസ്റ് ചെയ്തു. വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ തലയ്ക്കു നിരവധി തവണയാണു വെടിവച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

പാര്‍ക്കിംഗ് സംബന്ധിച്ചുണ്ടായ തര്‍ക്കമാണു വെടിവയ്പില്‍ കലാശിച്ചതെന്നാണു പോലീസിന്റെ പ്രഥമ നിഗമനമെന്നു പോലീസ് വക്താവ് ലഫ് ജോഷ്വ പറഞ്ഞു.

മരിച്ച പെണ്‍കുട്ടികളുടെ പിതാവും സൈക്കാട്രിസ്റ്റുമായ ഡോ. മുഹമ്മദ് അബു സല്‍ഹാ പോലീസിന്റെ വിശദീകരണത്തോടു വിയോജിച്ചു. അടുത്തയിടെ വിവാഹിതരായ ഡെന്റല്‍ വിദ്യാര്‍ഥികള്‍ അടുത്തുതന്നെ ടര്‍ക്കിയിലേക്കു സിറിയന്‍ അഭയാര്‍ഥികള്‍ക്കു ദന്തചികിത്സയ്ക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍