മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു
Wednesday, February 11, 2015 8:01 AM IST
ടാമ്പാ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25നു ടാമ്പായിലുളള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ത്യയുടെ 65-ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു.

ടാമ്പായിലെ 35 വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായാണ് ആഘോഷങ്ങള്‍ക്കു നേതൃത്വം കൊടുത്തത്. ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ഘോഷയാത്രയില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തില്‍പ്പരം ഇന്ത്യക്കാര്‍ സംബന്ധിച്ചു.

മലയാള തനിമയും സംസ്കാരവും വിളിച്ചോതിയ ഘോഷയാത്രയായിരുന്നു കേരളത്തിന്റേത്. കേരളത്തെ പ്രതിനിധീകരിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ 150ല്‍പ്പരം അംഗങ്ങള്‍ പങ്കെടുത്തു. താലപ്പൊലിയേന്തിയ വനിതകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയായിരുന്നു മലയാളികള്‍ പരേഡില്‍ അണിനിരന്നത്.

സാബു ഇഞ്ചക്കാടന്റെ നേതൃത്വത്തില്‍ 21 കലാകാരന്മാര്‍ ചേര്‍ന്ന് നടത്തിയ ചെണ്ടമേളം കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായെ പ്രതിനിധീകരിച്ചു ജോമോന്‍ തെക്കെ തൊട്ടിയില്‍, സൂസി ജോര്‍ജ്, വര്‍ഗീസ് മാണി, ഡോളി വേണാട്, അരുണ്‍ ചാക്കോ, ജേക്കബ് മാത്യു, ഉല്ലാസ് ഉലഹന്നാന്‍, ബിഷിന്‍ ജോസഫ്, നിഷ മാത്യു, ബാബു പോള്‍, അന്റോച്ചന്‍ ചാവറ, ഐസക്ക് മാമ്മന്‍, ശിവകാന്ത് നായര്‍, മേഴ്സി കൂന്തമറ്റം, ജെസി ലിയോ, ജോസ്മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, ഷാബു, വര്‍ഗീസ് തോമസ് വലിയവീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.