ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ സേവനം ലഭ്യമാക്കണം: ജെബ് ബുഷ്
Wednesday, February 11, 2015 7:54 AM IST
ഡിട്രോയ്റ്റ്: ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം അമേരിക്കന്‍ സാമ്പത്തികമേഖല ശക്തിപ്പെടുത്തുന്നതിനു പ്രയോജനപ്പെടുത്തണമെന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മുന്‍ ഫ്ളോറിഡാ ഗവര്‍ണര്‍ ജെബ് ബുഷ് അഭിപ്രായപ്പെട്ടു.

ഡിട്രോയ്റ്റ് ഇക്കണോമിക് ക്ളബ് കഴിഞ്ഞ വാരാന്ത്യം സംഘടിപ്പിച്ച സമ്മേളനത്തില്‍ സാമ്പത്തിക കാഴ്ചപ്പാടുകളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു ബുഷ്.

തകര്‍ന്നുകിടക്കുന്ന അമേരിക്കന്‍ ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ പുനരേകീ കരിക്കുന്നതിനും വിദേശികളെ സ്വാഗതം ചെയ്യുന്നതിനും ഗവണ്‍മെന്റ് തയാറാകണമെന്നും ബുഷ് ആവശ്യപ്പെട്ടു. കുടിയേറ്റ നിയമങ്ങളുടെ അപര്യാപ്തയ്ക്കപ്പുറം രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള മത്സരമാണ് ഒരു പരിധിവരെ വിദേശ സാങ്കേതികവിദഗ്ധരെ അമേരിക്കയിലേക്കു കൊണ്ടുവരുന്നതിനു തടസമായി നില്‍ക്കുന്നതെന്നും ബുഷ് പറഞ്ഞു.

പതിനൊന്നു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ജീവിക്കുമ്പോള്‍ വ്യവസായസ്ഥാപനങ്ങളും വലിയ കമ്പനികളും നിയമ പരമായി സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ബുഷ് ആവശ്യപ്പെട്ടു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ തീരുമാനത്തെ മയപ്പെടുത്തുന്നതു പ്രസിഡന്റ് ഇലക്ഷന്‍ മുന്നില്‍ക്കണ്ടാണെന്നു രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍