മാതൃഭാഷ പഠന രജതജൂബിലി ആഘോഷം; സ്വാഗത സംഘ രൂപവത്കരണം ഫെബ്രവരി 14ന്
Wednesday, February 11, 2015 7:47 AM IST
കുവൈറ്റ് സിറ്റി: 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ആശയത്തോടെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) നേതൃത്വത്തില്‍ പ്രവാസലോകത്ത് ആദ്യമായി മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കി. 1990ല്‍ കുവൈറ്റില്‍ ആരംഭിച്ച മാതൃഭാഷ പഠന പ്രവര്‍ത്തനത്തിന് 25 വയസ് തികയുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണു കല കുവൈറ്റ് ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ആഘോഷപരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുവാനും വിപുലമായ സംഘാടക സമിതി രൂപവത്കരിക്കുന്നതിനും വേണ്ടി ജനകീയ ഭാഷാ സമിതി യോഗം ഫെബ്രവരി 14ന് (ശനി) വൈകുന്നേരം 6.30ന് അബാസിയ ഒലീവ് ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ കുവൈറ്റ് പ്രവാസിസമൂഹത്തിലെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക്: 67765810, 66863957, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍