പനോരമയുടെ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു
Monday, February 9, 2015 10:13 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ വനിതാ വിഭാഗം അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരിയും വാഗ്മിയുമായ ഖദീജ ഹബീബ് ഉദ്ഘാടനം ചെയ്തു. പനോരമ ജനറല്‍ സെക്രട്ടറി അനില്‍ മാത്യൂസ് ആമുഖ പ്രസംഗം നടത്തി.

പനോരമയുടെ വനിതകളുടെ ഒഴിവു സമയവും കഴിവുകളും ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് വനിതാ വിഭാഗം രൂപീകരിക്കുന്നതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു

പ്രവാസ ഭൂമികയില്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പനോരമയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്െടന്ന് ഖദീജ ഹബീബ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ എന്ത് പരിപാടിയിലും മലയാളികള്‍ വഹിക്കുന്ന നേതൃപരമായ കഴിവുകള്‍ മറ്റു പല സംസ്ഥാനക്കാരും പറയാറുണ്ട്. സൌദിയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും പത്തനംതിട്ട സ്വദേശിയുമായിരുന്ന സഫിയ അജിത്തിനെ ഒര്‍മിക്കാതെ ഈ അവസരം ഉപയോഗിക്കാന്‍ കഴിയില്ല. പുരുഷന്മാര്‍ക്ക് ഏതെല്ലാം കഴിവുകള്‍ ഉണ്െടങ്കിലും വനിതകള്‍ക്കാണ് സ്നേഹം, കരുണ തുടങ്ങി വിവിധങ്ങളായ മാനുഷിക മൂല്യങ്ങള്‍ കൈമുതലായിട്ടുള്ളത്. വനിതകള്‍ പുരുഷന്മാരോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നിട്ടിറങ്ങുകയും വേണം. പ്രവാസ ഭൂമികയില്‍ നമ്മുടെ കുട്ടികള്‍ക്ക് അവബോധവും തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിവും കുറവാണ്. അവര്‍ക്ക് വേണ്ടതായ പരിശീലനവും സമൂഹത്തില്‍ അവരെ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുവാന്‍ നമ്മുടെ വനിതകള്‍ക്ക് സാധിക്കും. നമ്മുടെ ഒഴിവു സമയങ്ങള്‍ സര്‍ഗാത്മകമായി വിനിയോഗിക്കുവാന്‍ ഇത്തരം വേദികളും കൂട്ടായ്മകളും വളരെയധികം സഹായിക്കും. സ്ത്രീ ശാക്തീകരണം എന്നത് പുരുഷന്മാരെ ഒഴിവാക്കിയുള്ള ഒരു ചിന്താ സരണിയല്ല, മറിച്ചു അവരോടൊപ്പം ചേര്‍ന്നുനിന്നുള്ള പ്രവര്‍ത്തനമാണ്. സ്ത്രീ ശാക്തീകരണം എണ്ണത്തിലല്ല, പ്രവര്‍ത്തിയിലാണ്. വനിതകളുടെ നേതൃപാടവം വളര്‍ത്തുവാനും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാനും പനോരമ വനിതാ വിഭാഗത്തിനു കഴിയട്ടെ എന്ന് അവര്‍ ആശംസിച്ചു.

തുടര്‍ന്ന് പനോരമ വനിതാ വിഭാഗം ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. ശ്യാമള രാധാകൃഷ്ണന്‍ (പ്രസിഡന്റ്), ലീന സെബി (വൈസ്പ്രസിഡ ന്റ്), സപ്ന ജോണ്‍സണ്‍ (സെക്രട്ടറി), ശാന്തി ബിനു (ട്രഷറര്‍), ലീന സെബി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം