ഇന്ത്യക്കാരായ തൊഴിലാളികളുടെ ക്ഷാമം; സൌദിയില്‍ സ്വര്‍ണാഭരണ നിര്‍മാണമേഖലയില്‍ പ്രതിസന്ധി
Monday, February 9, 2015 8:10 AM IST
ദമാം: ഇന്ത്യക്കാരയ തൊഴിലാളികളുടെ ക്ഷാമം സ്വര്‍ണാഭരണ നിര്‍മാണമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്നതായി കിഴക്കന്‍ പ്രവിശ്യാ ചേംബര്‍ ഓഫ് കൊമേഴ്സ് ജുവലറി സമിതി തലവന്‍ അബ്ദുള്‍ ഗനി മുഹ്ന പറഞ്ഞു.

ആഭരണ നിര്‍മാണത്തില്‍ നിപുണരായ ഇന്ത്യക്കാരുടെ ക്ഷാമം മൂലം പല നിക്ഷേപകരും അയല്‍ രാജ്യങ്ങളിലേക്കു ചുവടുമാറ്റിയതായി അദ്ദേഹം അറിയിച്ചു. സൌദിയിലുണ്ടായിരുന്ന നിക്ഷേപകരില്‍ ചിലര്‍ ഖത്തറിലും യുഎഇയിലുമായി അടുത്തിടെ ഫാക്ടറികള്‍ ആരംഭിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ ഫാക്ടറികള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കിയതിനാല്‍ നിക്ഷേപകരെ അവിടെ ആകര്‍ഷിക്കാന്‍ കഴിയുന്നു. സൌകര്യങ്ങളൊരുക്കി 24 മണിക്കുറിനകം അവിട സ്വര്‍ണാഭരണ ഫാക്ടറികള്‍ക്കു ലൈസന്‍സ് ലഭിക്കും. എന്നാല്‍ സൌദിയില്‍ ജുവലറികള്‍ക്കു ലൈസന്‍സ് ലഭിക്കുന്നതിനു നിരവധി കടമ്പകളുണ്െടന്നു അദ്ദേഹം പറഞ്ഞു.

സ്വര്‍ണാഭരണ നിര്‍മാണം 95 ശതമാനവും കൈകൊണ്ടാണ് നടക്കുക. ഇതിനു പ്രാപ്തരായ തൊഴിലാളികളെ കിട്ടാത്തതാണ് സൌദിയില്‍ ഈമേഖലയിലെ പ്രധാന പ്രശ്നമെന്നു അദ്ദേഹം പറഞ്ഞു.

ആഭരണ നിര്‍മാണ ഫാക്ടറിക്കു 10 ദശലക്ഷം റിയാല്‍ മുതല്‍ 20 ദശലക്ഷം റിയാല്‍ വരെ ആവശ്യമാണ്. നിക്ഷേപത്തില്‍ 20 ശതമാനം ഫാക്ടറിയുടെ അടിസ്ഥാന സൌകര്യങ്ങള്‍ക്കും ബാക്കി സ്വര്‍ണം വാങ്ങിക്കുന്നതിനും വേണ്ടിയാണ് ആവശ്യമായി വരുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം