ജോയിസ് ജോര്‍ജ് എംപി ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
Monday, February 9, 2015 8:07 AM IST
കുവൈറ്റ്: ഇടുക്കി പാര്‍ലമെന്റ് അംഗം അഡ്വ. ജോയിസ് ജോര്‍ജ് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥനപതി സുനില്‍ ജയിനുമായി കൂടിക്കാഴ്ച നടത്തി.

അനധികൃതമായി ഇന്ത്യയില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യല്‍, വീട്ടുജോലിക്കായി എത്തുന്നവരുടെ പ്രശ്നങ്ങള്‍, നാട്ടിലേക്കുള്ള വിമാനയാത്രാക്കൂലി വര്‍ധനവ്, കുവൈറ്റില്‍ നിന്നും നേരിട്ടു കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എകസ്പ്രസ് വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ്, പ്രവാസികളുടെ കുട്ടികള്‍ക്കുവേണ്ടി ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എന്‍ട്രന്‍സ് കോച്ചിംഗ്- പരീക്ഷാ സെന്റര്‍ ഗള്‍ഫില്‍ ആരംഭിക്കുക, കുവൈറ്റിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ മോചനം തുടങ്ങിയ ഒട്ടെറെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തി.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് സാധ്യമായ എല്ലാസഹായങ്ങളും ചെയ്യുമെന്നും മറ്റ് വിഷയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനക്കായി സമര്‍പ്പിക്കുമെന്നും സ്ഥാനപതി എംപിക്കും കൂടെ ഉണ്ടായിരുന്ന ഇടുക്കി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ഉറപ്പുനല്‍കി. ഇന്ത്യന്‍ സമൂഹത്തിന് അംബാസഡര്‍ ചെയ്യുന്ന സേവനങ്ങളെ എംപി അഭിനന്ദിക്കുകയും കുവൈറ്റ് ഭരണകൂടം നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് നന്ദിയും അറിയിച്ചു.

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിച്ച ഇടുക്കി ഫെസ്റ്റ് 2015 ല്‍ പങ്കെടുക്കാന്‍ എത്തിയ ജോയിസ് ജോര്‍ജ് എംപി, അസോസിയേഷന്‍ പ്രസിഡന്റ് ജയിസന്‍ കാളിയാനില്‍, ജനറല്‍ സെക്രട്ടറി ബിജു ആന്റോ, വൈസ് പ്രസിഡന്റ് സോജന്‍ മാത്യു, ഫെസ്റ് ജനറല്‍ കണ്‍വീനര്‍ ബെന്നി പെരികിലത്ത്, സനില്‍ മാത്യു, ബ്രൂസ് ചാക്കോ എന്നിവരോടൊപ്പമാണ് അംബാസഡറെ സന്ദര്‍ശിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍