എസ്വൈഎസ് അറുപതാം വാര്‍ഷികം ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍
Monday, February 9, 2015 8:04 AM IST
ജിദ്ദ: സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്) സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദാ ഐസിഎഫ് അറുപത് നിര്‍ധന കുടുംബങ്ങളെ ദത്തെടുത്ത് മാതൃകയാവുന്നു.

കേരളത്തിലേയും നീലഗിരിയിലേയും ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലും വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്കുമാണ് ആദ്യഘട്ട സഹായം.

ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം എടരിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ധനസഹായ വിതരണം ആരംഭിക്കും. അതോടൊപ്പം കാന്‍സര്‍ രോഗം വര്‍ധിച്ചു വരുന്ന കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവാത്ത ചികിത്സാ ചെലവുകള്‍ക്ക് പരിഹാരമായി തിരുവനന്തപുരം ആര്‍സിസിക്കു സമീപം നിലവില്‍ വരുന്ന എസ്വൈഎസ് സാന്ത്വനം സെന്ററിനോട് അനുബന്ധിച്ച് ആധുനിക സംവിധാനങ്ങളോട് കൂടിയ സൌജന്യ ആംബുലന്‍സ് സേവനവും ജിദ്ദ ഐസിഎഫ് നല്‍കും. ഇതിന്റെ താക്കോല്‍ദാനവും സമ്മേളന വേദിയില്‍ നടക്കും.

ജീവകാരുണ്യ മേഖലയില്‍ എസ്വൈഎസ് ഇന്ത്യയില്‍ ചെയ്തു കൊണ്ടിരിക്കുന്ന നിസ്തുലമായ സേവനങ്ങള്‍ നിസ്വാര്‍ഥരായ യുവത്വത്തിന്റെ സമര്‍പ്പണമാണ്. കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ എസ്വൈഎസ് സ്ഥാപിച്ചെടുത്ത മുന്നേറ്റ ചരിത്രം മഹനീയമാവുന്നത് അര്‍ഹരിലേക്ക് സഹായം എത്തിക്കുന്നു എന്നതിലൂടെയാണ്. സാമൂഹിക പുരോഗതി ലക്ഷ്യമാക്കി കേരളത്തിനകത്തും പുറത്തും എസ്വൈഎസ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര സേവന കേന്ദ്രങ്ങളും നടത്തി വരന്നു. ഈ സാര്‍ഥകമുറ്റേത്തില്‍ കണ്ണികളാവുകയാണ് ജിദ്ദാ ഐസിഎഫ് കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരക്കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയത്. ചികിത്സ, വിവാഹം, കടാശ്വാസം, വീട് നിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സഹായം എത്തിക്കാനായിട്ടുണ്ട്.

അതോടൊപ്പം ഭീകരവാദവും തീവ്രവാദവും വെല്ലുവിളിയായി മാറുകയും അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ സമൂഹനന്മക്കും മതനിരപേക്ഷതക്കും വേണ്ടി സമര്‍പ്പണം ചെയ്യുന്ന യുവാക്കളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐസിഎഫ് നേതൃത്വം നല്‍കി വരുന്നു. യുവതലമുറയെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ധാര്‍മിക സമരം ചെയ്യുന്ന എസ്വൈഎസിന്റെ അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്ത് സജീവമായി നടുന്ന വരുന്നുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പ്രവര്‍ത്തക ക്യാമ്പുകള്‍, ഡ്രൈവേഴ്സ് മീറ്റ്, കലാപരിപാടികള്‍, പ്രവാസികള്‍ക്കായി സാന്ത്വനം, ഫാമിലി സ്കൂള്‍, ടാബിള്‍ ട്വാക്ക് തുടങ്ങി വിവിധയിനം പരിപാടികള്‍ ഇതിനകം നടന്നു കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഫെബു 27 രക്തദാന ദിനം, ഫെബ്രു 20 ഐക്യദാര്‍ഢ്യ സമ്മേളനം, തലമുറ സംഗമം, വിദ്യാര്‍ഥി സമ്മേളനം, സ്റുഡന്റ്സ് അസംബ്ളി കൂടാതെ 'ഇന്ത്യന്‍ സംസ്കാരത്തിന്റെ, ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതരെ ഉള്‍പ്പെടുത്തി ഫെബ്രു 20 ന് ചര്‍ച്ചാവേദിയും വരും ദിനങ്ങളില്‍ നടക്കും. സയിദ് ഹബീബ് അല്‍ബുഖാരി, അബ്ദുറഹ്മാന്‍ മളാഹിരി, അബ്ദുറഹീം വണ്ടൂര്‍, ക്ളാരി മുസ്തഫാ സൌദി, ശാഫി മുസ്ലിയാര്‍, മുജീബ് എആര്‍ നഗര്‍, ബഷീര്‍ എറണാകുളം, അബ്ദുള്‍ മജീദ് സഖാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍