ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം : ഒബാമ
Monday, February 9, 2015 8:00 AM IST
ലോസ് ആഞ്ചലസ്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗിക അരാജകത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ അഭ്യര്‍ഥിച്ചു.

ഫെബ്രുവരി എട്ടിന് (ഞായര്‍) വൈകിട്ട് നടന്ന ഗ്രാമി അവാര്‍ഡ് മത്സരങ്ങളില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് ടിവിയിലൂടെ നല്‍കിയ ഒരു സന്ദേശത്തില്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ലൈംഗീക അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് അംഗീകരിക്കാനാവില്ല. ഇത് പൂര്‍ണമായും അവസാനിപ്പിക്കേണ്ടതാണ് പ്രസിഡന്റ് പറഞ്ഞു.

ഒബാമ ഭരണകൂടം കോളജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ലൈംഗിക അരാജകത്വത്തിനെതിരെ ആരംഭിച്ച ബോധവത്കരണ പരിപാടികളില്‍ അണി ചേരണമെന്നും നിങ്ങളുടെ ആരാധകരില്‍ ഈ സന്ദേശം എത്തിക്കുന്നതിന് പരിശ്രമിക്കണമെന്നും ഗ്രാമി അവാര്‍ഡ് ജേതാക്കളോട് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയരായവരെ സഹായിക്കുകയും അവരോട് അനുകമ്പയോടെയുളള സമീപനം ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. അമേരിക്കയില്‍ അഞ്ചില്‍ ഒരു യുവതി വീതം ലൈംഗിക പീഡനത്തിന് ഇരയാകുന്നതായും പ്രസിഡന്റ് ബറാക് ഒബാമ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍