കാന്‍സര്‍ പ്രതിരോധത്തിന് ജീവിത ശൈലിയില്‍ മാറ്റം വരുത്തണം: ഡോ. ടെസി റോണി
Monday, February 9, 2015 8:00 AM IST
ദമാം: അര്‍ബുദം വന്നതിനുശേഷമുള്ള ചികില്‍സയേക്കാള്‍ പ്രതിരോധത്തിന് മുന്‍ഗണന നല്‍കണമെന്ന് ഡോ. ടെസി റോണി അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം ബദര്‍ അല്‍ റബി മെഡിക്കല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഫാസ്റ് ഫുഡ് സംസ്കാരം അടക്കം ജീവിതത്തിലെ പല ശീലങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഭക്ഷണം റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച് കഴിക്കുന്നത് ഒഴിവാക്കണം. സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ തുടങ്ങിയവയെ കുറിച്ച് സംസാരിച്ച അവര്‍ സ്വന്തം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി.

പ്രവാസി വൈസ് പ്രസിഡന്റ് റൂബി ജോസഫ് അധ്യക്ഷത വഹിച്ചു. സനീജ സഗീര്‍ സ്വാഗതം പറഞ്ഞു. അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക സഫിയ അജിത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം രഞ്ചു ജോബിന്‍ ജോസഫ് അവതരിപ്പിച്ചു. ഡോ. ടെസി റോണിക്കുള്ള ഉപഹാരം മേരി വിജയകുമാര്‍ നല്‍കി. സുനില സലിം നന്ദി പറഞ്ഞു. നജല സാദിഖ്, ജസ്ന അഷ്റഫ്, മഞ്ചു ഷിയാസ്, സാജിദ ആസിഫ്, ശബ്ന അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം