ജിദ്ദ കലാ -സാഹിത്യ വേദി ചിത്രരചന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
Monday, February 9, 2015 6:32 AM IST
ജിദ്ദ: വിദ്യാര്‍ത്ഥികളുടെ ചിത്ര രചന, പെയിന്റിംഗ് പാടവം പരിപോഷിപ്പിക്കുന്നതിനായി അഹദാബ് സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച ചിത്ര രചനാ, പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. നാനൂറില്‍ പരം കുട്ടികള്‍ പങ്കെടുത്ത ഈ മത്സര പരിപാടിയില്‍ കലാ പ്രതിഭകളെ തെരഞ്ഞെടുത്തത് പ്രവാസ ലോകത്തെ ചിത്രകലാ രംഗത്ത് അറിയപ്പെടുന്ന മൂന്നു ജൂറിമാരായിരുന്നു.

മത്സരത്തില്‍ ഒന്നാം സമ്മാനത്തിനു തിരെഞ്ഞെടുത്തത് ജിഷ മറിയ (ബഡ്സ്), അഹദാബ് സ്കൂള്‍, അജ്സല്‍ മുഹമ്മദ്, (കിഡ്സ്) ഇന്ത്യന്‍ സ്കൂള്‍, സ്വാലിഹ മിസ്ബഹ് (സബ് ജൂണിയര്‍), ഇന്ത്യന്‍ സ്കൂള്‍, സൌമിക് പോള്‍ (ജൂണിയര്‍) ഇന്ത്യന്‍ സ്കൂള്‍ എന്നിവരാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ശരഫിയ ലക്കി ദര്‍ബാര്‍ ഹാളില്‍ ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ മാധ്യമ പ്രവര്‍ത്തകരായ സി . കെ സാക്കിര്‍ , അബ്ദുറഹമാന്‍ വണ്ടൂര്‍, ഖാലിദ് ചെര്‍പുളശ്ശേരി, ഉള്‍പടെ ജിദ്ദയിലെ പ്രമുഖ വ്യക്തികള്‍ വിതരണം ചെയ്തു. നാല് കാറ്റഗറിയായി തിരിച്ച മത്സരത്തിലെ ഒന്ന്, രണ്ടു, മൂന്നു സ്ഥാനക്കാര്‍ക്ക് പുറമേ അമ്പതോളം കുരുന്നുകള്‍ക്കും വേദിയില്‍ വെച്ച് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കുകയുണ്ടായി. കുടാതെ മത്സരത്തില്‍ പങ്കെടുപ്പിക്കാനായി തങ്ങളുടെ കുട്ടികളെ വേദിയില്‍ എത്തിച്ച രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തപ്പെട്ട വിനോദ മത്സര പരിപാടിയില്‍ വിജയിച്ച പിതാവിനുള്ള ഉപഹാരം മജീദ് ചാക്കച്ചനും മാതാവിനുള്ള ഉപഹാരം ഷീലാ ഉദയ് എന്നിവരും കരസ്ഥമാക്കി.

പ്രവാസ ലോകത്തേ പ്രശസ്ത ചിത്രകലാ പ്രതിഭയായ സേതുമാധവന്‍ മത്സര വിജയികളെ തിരഞ്ഞെടുക്കപ്പെട്ട മാനദണ്ഡം വിശദീകരിച്ചു കൊണ്ടു യോഗം ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വേദിയില്‍നടന്നു. കലാസാഹിത്യവേദി പ്രസിഡണ്ട് താജുദ്ദീന്‍ കമ്പാലയുടെ അധ്യക്ഷതയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഉസ്മാന്‍ മാസ്റര്‍ ഒഴുകൂര്‍, ആടംബുലാന്‍ ബഷീര്‍ എന്നിവര്‍ സംഘടനുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഇഎം. ജാഫര്‍ഖാന്‍ സ്വാഗതവും സമീര്‍ ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു. മത്സര പരിപാടിയും സമ്മാനദാന പരിപാടിയും വിജയിപ്പിക്കാന്‍ സഹകരിച്ച രക്ഷിതാക്കള്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സംഘടനാ ഭാരവാഹികള്‍ കൃതക്ഞ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍