മെര്‍ലിന്‍ അവാര്‍ഡിന്റെ തിളക്കവുമായി റവ. സജു മാത്യു
Saturday, February 7, 2015 9:31 AM IST
ഹൂസ്റണ്‍: മാജിക് രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്കാരമായ മെര്‍ലിന്‍ അവാര്‍ഡില്‍ മുത്തമിട്ട് ഒരു മലയാളി വൈദികന്‍.

ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന്റെ 2015 മെര്‍ലിന്‍ അവാര്‍ഡിന് ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരിയും 'മാജിക് അച്ചന്‍' എന്ന പേരില്‍ കേരളത്തിലും അമേരിക്കയിലും ശ്രദ്ധേയനായി മാറിക്കഴിഞ്ഞ റവ. സജു മാത്യു അര്‍ഹനായി. ബെസ്റ് ഗോസ്പല്‍ മജീഷ്യന്‍ വിഭാഗത്തിലാണ് റവ. സജു മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.

ഈ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികന്‍ അര്‍ഹനാകുന്നത്.

37,000 മജീഷ്യന്മാര്‍ അംഗങ്ങളായുളള ഈ ആഗോള സംഘടന നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന് 1968 നു ശേഷം നാല് ഇന്ത്യക്കാര്‍ മാത്രമാണ് അര്‍ഹരായിട്ടുളളത് എന്നത് ശ്രദ്ധേയമാണ്. പ്രശസ്ത മാന്ത്രികരായ പി.സി.സര്‍ക്കാര്‍, മലയാളികളായ ഗോപിനാഥ് മുതുകാട്, മജീഷ്യന്‍ സാമ്രാജ് എന്നീ അതിപ്രഗത്ഭരുടെ പട്ടികയിലാണു റവ. സജു മാത്യു ഉള്‍പ്പെട്ടിരിക്കുന്നത്.

മാര്‍ച്ച് 21നു(ശനി) വൈകുന്നേരം ആറിനു ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാനും സിഇഒയുമായ ടോണി ഹസിനി പുരസ്കാരം സമര്‍പ്പിക്കും.

ദൈവവചന പഠനത്തിനും ആധ്യാത്മിക ക്ളാസുകള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ താന്‍ സ്വായത്തമാക്കിയ മാജിക്കിന്റെ അനന്ത സാധ്യതകളെ കൂട്ടുപിടിച്ചുകൊണ്ട്, റവ. സജു അവതരണത്തിനു പുതുമ നല്‍കുന്നു. ഓരോ പാഠത്തിനും അനുസരിച്ച് മാജിക്കുകള്‍ കണ്െടത്തി നിശ്ചയിക്കും. പ്രതീകാത്മകമായിട്ടാണ് അവതരണം.

വിദ്വേഷത്തിന്റെ അഗ്നിയില്‍ പൂണ്ട ലോകത്തില്‍നിന്നു ദൈവസാന്നിധ്യം കൊണ്ടു സമാധാനം ലഭിക്കുന്നതിനെ അവതരിപ്പിക്കുക, ഒഴിഞ്ഞ പാത്രത്തില്‍ കടലാസു കക്ഷണങ്ങള്‍ കത്തിച്ചിട്ടതില്‍നിന്നുയര്‍ന്നു വരുന്ന വെളളരിപ്രാവിനെ ഉയര്‍ത്തിക്കാട്ടിയാണ്.

ന്യായവിധിയാണു ശ്രദ്ധേയമായ മറ്റൊരിനം. കഴുത്തില്‍ കുടുക്കിടുന്ന ഉപകരണത്തിലേക്കു കത്തികയറ്റി മറുവശമെത്തുമ്പോഴേക്കും ആള്‍ക്കു കുഴപ്പമില്ലെന്നു കാണിച്ചുകൊണ്ടു റവ. സജു പറയും, ദൈവസാമീപ്യം ന്യായവിധിയില്‍നിന്നു നമ്മെ രക്ഷപ്പെടുത്തും.

സെമിനാരിയില്‍ പഠിക്കുന്ന കാലത്തെ വേറിട്ട രീതിയില്‍ അധ്യാപനം നടത്താനുളള ഗവേഷണങ്ങള്‍ നടത്തിയിട്ടുളള റവ. സജു മാത്യു മാജിക് തന്റെ അവതരണ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. പല മജീഷ്യന്മാരുടെ സഹായത്തോടെയും മാജിക് പുസ്കങ്ങളില്‍ നിന്നുമാണ് ഓരോ പാഠങ്ങളും അഭ്യസിച്ചെടുത്തത്. പിന്നീടു സ്വന്തമായി വിദ്യകള്‍ കണ്െടത്തി തുടങ്ങി.

പത്തനാപുരം ചാച്ചിപുന്ന സ്വദേശിയായ റവ. സജു മാത്യു പഠിച്ചതും വളര്‍ന്നതുമെല്ലാം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ്. സഹധര്‍മ്മിണി ബിന്‍സിയും മക്കളായ ജോയലും ജോയനയും റവ. സജുവിനു പൂര്‍ണ പിന്തുണ നല്‍കി വരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി