കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പൊതുയോഗം നടത്തി
Saturday, February 7, 2015 9:30 AM IST
ഗാര്‍ലന്റ് (ഡാളസ്): അമേരിക്കയിലെ ഏറ്റവും വലിയ മലയാളിസംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 2014 വാര്‍ഷിക പൊതുയോഗം ജനുവരി 31ന് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യുവിന്റെ ആമുഖ പ്രസംഗത്തോടെയാണു യോഗ നടപടികള്‍ ആരംഭിച്ചത്. 1976ല്‍ ചുരുക്കം ചിലരുടെ ആത്മാര്‍ഥവും സമര്‍പ്പണ മനോഭാവത്തിന്റേയും ഫലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടന വളര്‍ന്നു വലുതായി രണ്േടക്കര്‍ സ്ഥലത്ത് ഒരു മില്യണ്‍ ഡോളറിലധികം വിലവരുന്ന കെട്ടിടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ മലയാളി സമൂഹം അഭിമാനിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

സെക്രട്ടറി റോയ് കൊടുവത്ത് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാ-സാംസ്കാരിക-സാഹിത്യ പ്രതിഭകളെ കണ്െടത്തി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ സഹായ ഹസ്തം നീട്ടുന്നതിനും വിജ്ഞാനപ്രദമായ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതിനും സംഘടനകള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 100884 ഡോളര്‍ വരവും 85172 ഡോളര്‍ ചെലവും കാണിക്കുന്ന കണക്ക് ട്രഷറര്‍ ടോമി നെല്ലുവേലില്‍ അതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും പൊതുയോഗം ചില തിരുത്തലുകളോടെ അംഗീകരിച്ചു.

കേരള അസോസിയേഷന്റെ 2015ലെ പരിപാടികള്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനാചര്‍ച്ചയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ഭരണസമിതിയില്‍ ഒഴിവുവരുന്ന സ്ഥാനങ്ങളിലേക്കു നവാഗതര്‍ക്ക് അവസരം നല്‍കണമെന്നു രാജന്‍ ഐസക്കിന്റെ അഭിപ്രായം യോഗം ഹര്‍ഷാരവത്തോടെയാണ് അംഗീകരിച്ചത്. പി.ടി. സെബാസ്റ്യന്‍, പീറ്റര്‍ നെറ്റൊ, രാജന്‍ മേപ്പുറും, പി.പി. സൈമണ്‍, ബോബന്‍ കൊടുവത്ത്, മാത്യു നൈനാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭരണ സമിതിയില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് ആന്‍സി ജോസഫ് (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷഫീര്‍ (ജോ. ട്രഷറര്‍), അനസ്വര്‍ മാമ്പിളി (സ്പോര്‍ട്സ്) സിജു കൈനിക്കര (പിക്നിക്) എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍