ഷിഫാ അല്‍ജസീറ പ്രബന്ധ മത്സരം; അശ്വിന്‍ അനില്‍ ഒന്നാം സ്ഥാനം
Thursday, February 5, 2015 10:09 AM IST
റിയാദ്: പന്ത്രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് കമ്യുണിറ്റി റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ അശ്വിന്‍ അനില്‍ (റിയാദ്) ഒന്നാം സ്ഥാനവും ഫ്രീസിയ ഹബീബ് (ദമാം) രണ്ടാം സ്ഥാനവും സൈന നാസര്‍ (റിയാദ്) മുന്നാം സ്ഥാനവും നേടി. 

'വിദ്യാര്‍ഥികളും സോഷ്യല്‍ മീഡിയയും' എന്ന വിഷയത്തില്‍ സൌദിയിലെ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ പ്രബന്ധ മത്സരത്തില്‍ സൌദിയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി ചിഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സുരേഷ് പറഞ്ഞു.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 9ാം തരം വിദ്യാര്‍ഥിയാണ് ഒന്നാം സ്ഥാനത്തിനര്‍ഹനായ അശ്വിന്‍ അനില്‍. രണ്ടാം സ്ഥാനം നേടിയ ഫ്രീസിയ ഹബീബ് ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സൈന നാസര്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ 10ാം തരം വിദ്യാര്‍ഥിനിയാണ്.  മലയാള ഭാഷയിലുള്ള കുട്ടികളുടെ പരിജ്ഞാനവും കൈയക്ഷരത്തിന്റെ മികവും വിലയിരുത്തപ്പെട്ട മത്സരത്തില്‍ മലയാള ഭാഷയുമായി കുട്ടികള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കകയെന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കമ്യൂണിറ്റി റിലേഷന്‍ മാനേജര്‍ ശിഹാബ് കൊട്ടുകാടും പബ്ളിക്ക് റിലേഷന്‍ അസിസ്റന്റ് മാനേജര്‍ വി. കുഞ്ഞിമുഹമ്മദും ചൂണ്ടിക്കാട്ടി. വിജയികള്‍ക്ക് ഫലകവും പ്രശംസാ പത്രവും റിയാദില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍