ആര്‍എസ്സി മീലാദ് ബുക് ടെസ്റ് ഫെബ്രുവരി ആറിന്
Thursday, February 5, 2015 9:29 AM IST
കുവൈറ്റ്: മീലാദിനോടനുബന്ധിച്ച് റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ (ബുക് ടെസ്റ്) ഫെബ്രുവരി ആറിന് ഗള്‍ഫിലെ ആറു രാജ്യങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളില്‍ നടക്കും.

പ്രവാചകരെകുറിച്ചുള്ള പുസ്തകം അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും നടക്കുന്ന പരീക്ഷയില്‍ ഈ വര്‍ഷം ഐപിബി പ്രസിദ്ധീകരിച്ച വിശ്വാസികളുടെ ഉമ്മമാര്‍ എന്ന പുസ്തകമാണ് അവലംബമാക്കുന്നത്. ഗള്‍ഫില്‍ 29,000 പുസ്തകങ്ങള്‍ പ്രത്യേകം അച്ചടിച്ച് അനുവാചകര്‍ക്കിടയില്‍ വിതരണം ചെയ്താണ് പരീക്ഷ നടത്തുന്നത്. പുസ്തകത്തിനൊപ്പം വിതരണം ചെയ്യുന്ന തുറന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഒന്നാം ഘട്ട പരീക്ഷയില്‍ മികവു പുലര്‍ത്തുന്നവരെ പങ്കെടുപ്പിച്ചാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. കുവൈറ്റില്‍ 24 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.

മീലാദ് കാലത്ത് തിരുനബിയെ കൂടുതല്‍ വായിക്കാനും പ്രവാചകരുടെ സാംസ്കാരിക സന്ദേശം അറിയാനും പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കാനാണ് കൃതികളെ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ജിസിസി, നാഷണല്‍ തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഗള്‍ഫ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നാഷണലുകളില്‍ ചീഫുമാരും സോണ്‍, സെക്ടര്‍ ഘടകങ്ങളില്‍  കോഓഡിനേറ്റര്‍മാരുമാണ് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍