ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബസംഗമം
Thursday, February 5, 2015 9:29 AM IST
ദമാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദമാം റീജിയണ്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ പരസ്പരം നല്ല സൌഹൃദം ഉണ്െടങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു.

കുഞ്ഞുങ്ങള്‍ തെറ്റുകള്‍ ചെയ്യാതിരിക്കുവാന്‍ ശിക്ഷിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്നതിന് പകരം അവരുടെ ഒരു സുഹൃത്തായി ഇടപഴകുവാനും അവരില്‍ നിന്നും ഇഷ്ടങ്ങളെയും കഴിവുകളേയും തിരിച്ചറിഞ്ഞ് മക്കളെ സ്നേഹത്തോടുകൂടി വളര്‍ത്തണം. അങ്ങനെ വളരുന്ന കുട്ടികള്‍ ഭീതിയില്ലാതെ മാതാപിതാക്കളോട് ഇടപഴകുകയും അവരുടെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. അതിലൂടെ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് ഒഐസിസി ദമാം റീജിയണ്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം 2015 ല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജോണ്‍ കോശി അധ്യക്ഷത വഹിച്ചു. റീജിയണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പി.എം.നജീബ്, മാത്യു ജോസഫ്, സി.അബ്ദുള്‍ ഹമീദ്, രാജു പള്ളിയത്ത്, ബൈജു കുട്ടനാട്, ഇ.കെ.സലിം, റോയ്, സി.എം.സുലൈമാന്‍, ഡോ. സിന്ധു ബിനു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

കെപിസിസി സെക്രട്ടറി പഴകുളം മധുവിന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ജോണ്‍ കോശി നല്‍കി. ജനറല്‍ സെക്രട്ടറി തോമസ് തൈപ്പറമ്പില്‍ പൊന്നാട അണിയിച്ചു. ഒപ്പം വിവിധ ജില്ലാ ഏരിയ കമ്മിറ്റികള്‍ക്കുവേണ്ടി വിവിധ നേതാക്കള്‍ കെപിസിസി സെക്രട്ടറിയെ ഷാള്‍ അണിയിച്ചു. ഹനീഫ് റാവുത്തര്‍, പി.എം.നജീബ്, മാത്യു ജോസഫ്, രാജു പള്ളിയത്ത്, മിനി ജോയ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം സി.എം. സുലൈമാനെ പൊന്നാട അണിയിച്ചു. പുതുതായി ചുമതലയേറ്റ റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും യൂത്ത്, വനിതാ കമ്മിറ്റി പ്രസിഡന്റുമാര്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രവിശ്യയിലെ വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാവിരുന്ന് നടന്നു.

ജോയ്ക്കുട്ടി, മിനി ജോയ്, രാജു വര്‍ഗീസ്, ഷാജി ആറന്മുള, ഷാജഹാന്‍ റാവുത്തര്‍, ജേക്കബ് പാറക്കല്‍, സിനു സൈമണ്‍, തോമസ്, സുനില്‍ കുമാര്‍, ജോസഫ് ചാക്കോ എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി. സതീഷ് മോഹന്‍, ജീ ജോയ് എന്നിവര്‍ അവതാരകരായിരുന്നു. തോമസ് തൈപ്പറമ്പില്‍ സ്വാഗതവും സതീഷ് മോഹന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം