ഡോ. മോനിക്ക ബറേല്‍ മാസച്യുസെറ്റ്സ് ഹെല്‍ത്ത് കമ്മീഷണര്‍
Thursday, February 5, 2015 9:27 AM IST
മാസച്യുസെറ്റ്സ്: ഭവന രഹിതരായ രോഗികളുടെ ഡോക്ടറെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ. മോണിക്കാ ബറേലിനെ(44) മാസച്യുസെറ്റ്സ് സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷണറായി ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ നിയമിച്ചു.

ബോസ്റന്‍ ഹെല്‍ത്ത് കെയര്‍ ഹോം ലസ് പ്രോഗ്രസ് ചീഫ് മെഡിക്കല്‍ ഓഫീസറായിരിക്കുമ്പോള്‍ പാവങ്ങളുടെ ചികിത്സക്കായി നേരിട്ട് നേതൃത്വം നല്‍കിയ മോണിക്കായുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘിക്കപ്പെട്ടിരുന്ന ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, ബോസ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ ഫാക്കല്‍റ്റി മെഡിക്കല്‍ ഡയറക്ടറായും ബറേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹോംലസ് രോഗികളെ ശുശ്രൂഷിക്കുന്നതിനുളള പ്രേരണ, ചെറുപ്പത്തില്‍ പിതാവ് വീരേന്ദ്ര ബറേലുമായി ന്യൂഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ ഫുട്പാത്തിലും കടതിണ്ണകളിലും കിടന്നുറങ്ങിയിരുന്ന ഭവന രഹിതരുടെ ദയനീയ സ്ഥിതി കണ്ടു മനസിലാക്കിയതില്‍ നിന്നാണ് ലഭിച്ചതെന്ന് മോണിക്ക പറഞ്ഞു.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ളിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും ബോസ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഡി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിതരാകുന്നു എന്നുളളത് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന് വക നല്‍കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍