കേരള എന്‍ജിനിയേഴ്സ് ഫോറം കാമ്പയിന്‍ സംഘടിപ്പിച്ചു
Wednesday, February 4, 2015 10:11 AM IST
ജിദ്ദ: ദൈനംദിന ജീവിതത്തില്‍ ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയും സാങ്കേതിക വിഷയങ്ങളിലുള്ള അവബോധവും എത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്നു 'ഭാവിയിലേക്കൊരു വീട്' എന്ന ശീര്‍ഷകത്തില്‍ കെഇഎഫ് സംഘടിപ്പിച്ച സെമിനാര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരം സീസണ്‍സ് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ വിവിധ സംഘടനാനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

പരിപാടിയില്‍ 'അഫോര്‍ഡബിള്‍ ഹോംസ്' 'സോളാര്‍ എനര്‍ജി എന്നീ വിഷയങ്ങളില്‍ മുഹമ്മദ്കുഞ്ഞി, ഡോ. ശ്രീറാം കുമാര്‍ (കെഇഎഫ് പ്രസിഡന്റ്) എന്നിവര്‍ വിഷയാവതരണം നടത്തി. വീട് വയ്ക്കുമ്പോള്‍ സംഭവിക്കുന്ന ആസൂത്രണക്കുറവും ആര്‍ഭാടവും ഇക്കാലത്ത് ഒരു സാമൂഹികവിപത്തായി മാറിയ സാഹചര്യത്തിലാണു സാമൂഹിക പ്രതിബദ്ധതയുള്ള ഈ വിഷയം മുന്‍നിര്‍ത്തി കെഇഎഫ് സെമിനാര്‍ സംഘടിപ്പിച്ചത്. വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുന്ന നമ്മുടെ രാജ്യത്ത് ഇതര മാര്‍ഗത്തിലുള്ള ഊര്‍ജം എന്ന നിലയില്‍ സൌരോര്‍ജത്തിന്റെ പ്രസക്തി വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു മറ്റൊരു വിഷയം. വിഷയാവതരണത്തിനുശേഷം നടന്ന ചോദ്യോത്തര പംക്തി ഏറെ ജിജ്ഞാസകരവും വൈജ്ഞാനികവും ആയിരുന്നു. ബിജു ചാക്കോ, അബ്ദുള്‍ റഷീദ്, അബ്ദുള്‍ ഹമീദ്, മുഹമ്മദ്കുഞ്ഞി, ശ്രീറാം കുമാര്‍ എന്നിവര്‍ വിവിധ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

നേരത്തെ കെഇഎഫ് സംഘടനയെക്കുറിച്ചും ഇത്തരത്തിലുള്ള ഒരു പരിപാടിയി സംഘടിപ്പിക്കാനുള്ള പ്രചോദനത്തെക്കുറിച്ചും ഉപദേശക സമിതി അംഗം ഇഖ്ബാല്‍ പൊക്കുന്ന് സദസില്‍ വിശദീകരിച്ചു. കെഇഎഫ് മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജിദ്ദയിലെ സംഘടനകളുടെ ക്ഷണമനുസരിച്ച് അവരുടെ വേദികളില്‍ ഈ ബോധവത്കരണ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സെമിനാറില്‍ കെഇഎഫ് പ്രവാസിമലയാളി സമൂഹത്തിനുവേണ്ടി ഒരു സൌജന്യ കണ്‍സള്‍ട്ടന്‍സി സെല്ലിനു രൂപം നല്‍കി. കെഇഎഫ് രക്ഷാധികാരി ഡോ. ഷൌക്കത്ത് അലി (കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി) സെല്ലിന്റെ ഔദ്യോഗിക തുടക്കം നിര്‍വഹിച്ചു. വീടു നിര്‍മാണം മറ്റ് അനുബന്ധ എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ സംശയ നിവാരണത്തിനും വിദഗ്ധാഭിപ്രായത്തിനും രീിൌഹസേലള@ഴാമശഹ.രീാ എന്ന ഇ-മെയിലിലൂടെ ഈ കണ്‍സള്‍ട്ടന്‍സി സെല്ലിനെ ബന്ധപ്പെടാവുന്നതാണ്. റോഷന്‍ മുസ്തഫ സ്വാഗതവും ഇ.കെ. ഷിയാസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ബൈജു, സാബിര്‍ മുഹമ്മദ്, അബ്ദുള്‍ മജീദ്, മുഹമ്മദ് ഷാഹിദ്, ലുലു സൈനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെഇഎഫ് സംഘടനയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാര്‍ 0597849256 എന്ന മൊബൈലില്‍ ജനറല്‍ സെക്രട്ടറി ഇ.കെ. ഷിയാസിനെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍