ലീഡ്സ് സ്കില്‍ ബൂസ്റിംഗ്: റോണ്‍ തോംസന്റെ സാന്നിധ്യം ശ്രദ്ധേയമായി
Wednesday, February 4, 2015 10:05 AM IST
ജിദ്ദ: പ്രവാസി കുട്ടികളുടെ പഠനാപരവും നൈസര്‍ഗികവുമായ കഴിവുകള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച മുമ്പ് തുടക്കം കുറിച്ച സ്കില്‍ ബൂസ്റിംഗ് പരിശീലന പരിപാടിയില്‍ ആഗോള പ്രശസ്ത ആര്‍ക്കിടെക്റ്റ് റൊനാള്‍ഡ് തോംപ്സണിന്റെ സാന്നിധ്യം കുട്ടികളെ ആവേശഭരിതരാക്കി. ലോകത്തിലെ പ്രശസ്തമായ നാല്‍പ്പതിലധികം എയര്‍പോര്‍ട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച റൊനാള്‍ഡ് 1979 മുതല്‍ സൌദി അറേബ്യയില്‍ ജിദ്ദ കള്‍ച്ചറല്‍ സെന്റര്‍ അടക്കം വിവിധ വന്‍കിട പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി വരുകയാണ്.

ജീവിതം തന്നെ ഒരു ടീമാണെന്നും മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നല്ല ഫലമുളവാക്കുമെന്നും റൊനാള്‍ഡ് കുട്ടികളെ ഓര്‍മിപ്പിച്ചു. കളി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലെങ്കിലും അതില്‍ ഏറ്റവും പ്രധാനം ടീം വര്‍ക്ക് തന്നെയാണ്. നര്‍സിന്റെ സഹായമില്ലാതെ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാവില്ലെന്ന് കട്ടായം. ഈ ടീം വര്‍ക്കാണ് നമ്മെ വിജയത്തിന്റെ സോപാനത്തിലേക്ക് എത്തിക്കുന്നത്.

സാങ്കേതിക വിദ്യയുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും പുതിയ തലമുറ വായനയെ പാര്‍ശ്വവല്‍കരിച്ചത് കടുത്ത അപരാഥമാണെന്നും അത് എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വ വിജ്ഞാനം പോലുള്ള കൃതികള്‍ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലതാണ്. അതില്‍ നിന്ന് അവര്‍ക്ക് താത്പര്യമുള്ളത് കണ്ടത്തൊന്‍ കഴിയും.

എല്ലാ വ്യക്തികളും ഒരുപോലെയല്ല. ഓരോരുത്തര്‍ക്കും താത്പര്യമുള്ള വിഷയങ്ങളുണ്ടാവും. അത് കണ്ടത്തിെ പഠനം വികസിപ്പിക്കുന്നതിലൂടെ നല്ല തൊഴില്‍ മേഖലയിലേക്ക് കടന്നു വരാന്‍ കഴിയുമെന്ന് കുട്ടികളുമായുള്ള സംഭാഷണത്തില്‍ റൊനാള്‍ഡ് തോംപ്സണ്‍ വ്യക്തമാക്കി. തന്റെ കുട്ടിക്കാലത്ത് ചിത്രരചനയോട് അദമ്യമായ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ആര്‍കിടെക്ചറല്‍ എന്‍ജിനിയറിംഗ് തെരെഞ്ഞെടുക്കാന്‍ ഇടയായാത്. ഏഴു വയസു മുതല്‍ വിമാനങ്ങളേയും അതീവ താത്പര്യത്തോടെയാണ് വീക്ഷിച്ചിരുന്നത്. അതാണ് വിമാനത്താവളങ്ങളുടെ ഡിസൈന്‍ ചെയ്യുന്ന ജോലി മുഴുകാന്‍ ഇടയായത്. താത്പര്യമുള്ള കാര്യത്തില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കുന്ന അവസ്ഥയും ഉണ്ടാവരുത്.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട ഒരു മൂല്യമാണ് കാരുണ്യമെന്നും അത് മറ്റുള്ളവരോട് നിര്‍ലോഭം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിഞ്ചുകുട്ടികളുടെ ചോദ്യങ്ങളും അന്വേഷണങ്ങളും തന്നെ അതിഥിയായി ആകര്‍ഷിച്ചതായും ഇത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഡ്സ് മെന്‍റ്റര്‍മാര്‍ അദ്ദേഹത്തിനു വന്‍ സ്വീകരണമാണ് ഒരുക്കിയത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍