കെഎംസിസി കോഴിക്കോട് സിറ്റി കമ്മിറ്റി 5 ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കുന്നു
Wednesday, February 4, 2015 10:04 AM IST
റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പാക്കി വരുന്ന ബൈത്തുറഹ്മ പദ്ധതി പ്രകാരം റിയാദിലെ കോഴിക്കോട് സിറ്റി കെഎംസിസി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ 5 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് നോര്‍ത്ത്, സൌത്ത് നിയമസഭാ മണ്ഡലങ്ങളെ അഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ വീടുകളാണ് നിര്‍മിച്ചു നല്‍കുകയെന്ന് റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു.

മാര്‍ച്ച് രണ്ടാം വാരത്തില്‍ കോഴിക്കോട് കുറ്റിച്ചിറിയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ വീട് നിര്‍മാണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടക്കും. കുറഞ്ഞ മാസങ്ങള്‍ക്കകം തന്നെ വീടുകളുടെ പണികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ ദാനവും നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സാധാരണക്കാരായ പ്രവര്‍ത്തകരുടേയും ഉദരമതികളായ അനുഭാവികളുടേയും സഹായഹസ്തങ്ങളാണ് പൊതുസേവനരംഗത്ത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനമായ ബൈത്തുറഹ്മ പദ്ധതിയുടെ സാമ്പത്തിക സ്രോതസെന്നും അല്ലാതെ സിപിഎമ്മിന്റെ വ്യവസായ പദ്ധതികളുടെ സാമ്പത്തിക സ്രോതസുകളായ കള്ളപ്പണമുപയോഗിച്ച് യത്തീം കുട്ടികള്‍ താമസിക്കുന്ന ബൈത്തുറഹ്മയുടെ അടിത്തറയുണ്ടാക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തയാറാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു.

കോഴക്കോട് സിറ്റി കെഎംസിസി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.വി അര്‍ഷുല്‍ അഹമ്മദ് ചെയര്‍മാനായും കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് നാസര്‍ മാങ്കാവ് ജന. കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. മിര്‍ഷാദ് ബക്കര്‍ കണ്‍വീനറും അബ്ദുള്ള കോട്ടാംപറമ്പ്, അബൂബക്കര്‍ പയ്യാനക്കല്‍, സി.പി സെയ്തു മീഞ്ചന്ത, നൌഷാദ് മാത്തോട്ടം, ഷാഹുല്‍ കാരപ്പറമ്പ്, ഹനാന്‍ ബിന്‍ ഫൈസല്‍, ഷൌക്കത്ത് പന്നിയങ്കര തുടങ്ങയവര്‍ അംഗങ്ങളുമാണ്.

ബൈത്തുറഹ്മ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പാവപ്പെട്ട അഞ്ച് പേര്‍ക്ക് സൌജന്യമായി തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യും. റിയാദിലെ രണ്ട് വാണിജ്യ പ്രമുഖരടക്കം മൂന്ന് പേര്‍ക്ക് സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്കാരം ചടങ്ങില്‍ സമ്മാനിക്കും. കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് അക്ബര്‍ വേങ്ങാട്ട് കണ്‍വീനറും അര്‍ഷുല്‍ അഹമ്മദ്, മിര്‍ഷാദ് ബക്കര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക.

അതോടൊപ്പം കോഴിക്കോട്ടെ തെരുവില്‍ കഴിയുന്ന നിരാലംബര്‍ക്ക് ദിവസവും സൌജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മക്ക് സയിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ പുരസ്കാരവും കാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. സിറ്റി കെഎംസിസിയുടെ ഇരുപതാം വാര്‍ഷികം ആറു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ റിയാദില്‍ നടക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ അവസാന വാരം നടക്കുന്ന വാര്‍ഷികാഘോഷ ഉദ്ഘാടനച്ചടങ്ങില്‍ മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുന്നാസര്‍ മാങ്കാവ്, മിര്‍ഷാദ് ബക്കര്‍, അബ്ദുള്ള കോട്ടാംപറമ്പ്, സി.പി സെയ്തു മീഞ്ചന്ത, നൌഷാദ് മാത്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍