ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇടുക്കി ഫെസ്റ് 2015 സംഘടിപ്പിച്ചു
Wednesday, February 4, 2015 7:55 AM IST
കുവൈറ്റ്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ വാര്‍ഷിക കുടുംബസംഗമം ഇടുക്കി ഫെസ്റ് 2015 ജനുവരി 30ന് മംഗഫ് കേംബ്രിഡ്ജ് സ്കൂളില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് ജയ്സണ്‍ ജേക്കബ് കാളിയാനി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ബെന്നി പെരികിലത്ത് സ്വാഗതം ആശംസിച്ചു.

ഇടുക്കിയിലെ ലോക്സഭാംഗവും രക്ഷാധികാരിയുമായ ജോയ്സ് ജോര്‍ജ് എംപി ഭദ്രദീപം തെളിച്ച് ഫെസ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോള്‍ഡാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിജു പി. ആന്റോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മിര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇടുക്കി അസോസിയേഷന്റെ സംഭാവനയായ 50,005 രൂപ ജോയ്സ് ജോര്‍ജ് എംപി, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോള്‍ഡാറിനു കൈമാറി. സാമ്പത്തിക കഷ്ടതമൂലം ചികിത്സ ലഭിക്കാത്തവര്‍ക്കും പഠനം നടത്തുവാന്‍ സാധിക്കാത്ത കുട്ടികള്‍ക്കുംവേണ്ടി സംഘടനയുടെ സാമൂഹ്യക്ഷേമ പദ്ധതിയായ കാരുണ്യനിധിയിലൂടെ നല്‍കുന്ന സഹായം ഇടുക്കി ജില്ലയില്‍ വിതരണത്തിനായി ജയ്സണ്‍ ജേക്കബ് കാളിയാനിയില്‍നിന്ന് എംപി ഏറ്റുവാങ്ങി.

ഇടുക്കി ഫെസ്റിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ ജോയ്സ് ജോര്‍ജ്, സുബാഷിഷ് ഗോള്‍ഡാര്‍ എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. സംഘടനാംഗങ്ങളുടെ കുട്ടികളില്‍നിന്നും 10, 12 ക്ളാസുകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിച്ചു. വര്‍ഗീസ് പുതുകുളങ്ങര, രാജു സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മാത്യു അരീപ്പറമ്പില്‍ നന്ദി പറഞ്ഞു. കുവൈറ്റിന്റെ സാമുഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലയാളസിനിമാ രംഗത്തുനിന്നു ടിനി ടോം, ഷൈജോ അടിമാലി എന്നിവര്‍ അവതരിപ്പിച്ച ചിരിമേളം ഇടുക്കി ഫെസ്റിന്റെ മാറ്റു കൂട്ടി. കുവൈറ്റിലെ പ്രശസ്ത കലാകാരന്മാരും സംഘടനാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍