കെവിജിസിഇ അലുമ്നി അസോസിയേഷന്‍ കുവൈറ്റ് പത്താമതു വാര്‍ഷികം ആഘോഷിച്ചു
Wednesday, February 4, 2015 7:55 AM IST
കുവൈറ്റ്: കര്‍ണാടകത്തിലെ പ്രമുഖ എന്‍ജിനിയറിംഗ് കോളജായ സുള്ള്യ കെവിജി കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ കുവൈറ്റിലുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടന കെവിജിസിഇ അലുമ്നി അസോസിയേഷന്‍ കുവൈറ്റ് പത്താമത് വാര്‍ഷികം എക്സ്സ്റോം വിപുലമായി ആഘോഷിച്ചു.

ജനറല്‍ കണ്‍വീനര്‍ സുരേഷ് സി. പിള്ള സ്വാഗതം ആശംസിച്ചു. കെവിജി കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പ്രിന്‍സിപ്പല്‍ ഡോ. ജ്ഞാനേഷ് നിലവിളക്ക് തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ തമ്മിലുള്ള ഐക്യമാണു കെവിജിസിഇഎഎയുടെ നിലനില്‍പ്പിനും വിജയത്തിനും പിന്നിലുള്ള പ്രധാന ശക്തിയെന്നു പ്രസിഡന്റ് മനോജ് നാളിയത്ത് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സംഘടനയുടെ ഒമ്പതു വര്‍ഷത്തെ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. 10 വര്‍ഷത്തെ പ്രധാന പരിപാടികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ സുവനീര്‍ മുഖ്യസ്പോണ്‍സറായ മാര്‍ക്ക് ടെക്നോളജീസിന്റെ പ്രതിനിധിക്കു നല്‍കി ഡോ. ജ്ഞാനേഷ് പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി അജയ് രാജ് നായര്‍ നന്ദി പറഞ്ഞു.

ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി വിവിധ കമ്മിറ്റികള്‍ക്ക് അലുമ്നി അസോസിയേഷന്‍ അംഗങ്ങളായ കമാല്‍ മുഹമ്മദ്, ബി.ടി. അനില്‍, പ്രദീപ് കുമാര്‍, അരുണ്‍ പ്രസാദ്, സുധീര്‍ ബാബു, കെ.വി. ശ്രീമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഘടനയുടെ ഉപദേശകസമിതി അംഗങ്ങളായ ബി.എസ്. പിള്ള, സന്തോഷ്കുമാര്‍ ജി., മണിമാര ചോഴന്‍, രാജേഷ് സാഗര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അലൂമ്നി അസോസിയേഷന്‍ അംഗമായ സെബിന്‍ സെബാസ്റ്യന്‍ പരിപാടിയുടെ അവതരണം നിര്‍വഹിച്ചു.

ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ കുവൈറ്റിലെ മലയാളികളും അന്യസംസ്ഥാനക്കാരും അടക്കം ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. പ്രമുഖ സംഗീത റിയാലിറ്റി ഷോ താരങ്ങളായ അജയ് സത്യന്‍, ജിതിന്‍രാജ് എന്നിവര്‍ നയിച്ച പ്രമുഖ സംഗീത ട്രൂപ്പ് പ്രയാണ്‍ വിവിധ ഭാഷകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ വ്യത്യസ്തമായ സംഗീത പരിപാടി കാണികളെ ആവേശത്തിലാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍