ഐഎന്‍ഒസി കേരള ചാപ്റ്റര്‍ റിപ്പബ്ളിക് ദിനം ആചരിച്ചു
Wednesday, February 4, 2015 7:53 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ (പെന്‍സില്‍വാനിയ) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. ജനുവരി 31 ന് പ്രസിഡന്റ് കുര്യന്‍ രാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഐഎന്‍ഒസി നാഷണല്‍ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് മുഖ്യാതിഥിയായിരുന്നു.

സാക്കറി സാബു അമേരിക്കന്‍ ദേശീയഗാനവും തോമസ് ഏബ്രഹാം ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫിലിപ്പോസ് ചെറിയാന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി.

കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കേരള ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോസ് കുന്നേല്‍, കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ യോഹന്നാന്‍ ശങ്കരത്തില്‍, മുന്‍ ജനറല്‍ സെക്രട്ടറി സാബു സ്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പിആര്‍ഒ ഡാനിയേല്‍ പി. തോമസ് സ്പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. സെക്രട്ടറി ചെറിയാന്‍ കോശി നന്ദി പറഞ്ഞു.

തുടര്‍ന്നുനടന്ന സാംസ്കാരിക പരിപാടികള്‍ക്കു ജീമോന്‍ ജോര്‍ജ്, ബെന്‍സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. നിമ്മി ദാസിന്റെ നേതൃത്വത്തിലുള്ള ഭരതം ഡാന്‍സ് അക്കാഡമിയുടെ നൃത്തപരിപാടികള്‍, സുമോദ് നെല്ലിക്കാല, സാബു പാമ്പാടി, ബിജു ഏബ്രഹാം തുടങ്ങിയവരുടെ ഗാനങ്ങള്‍, സുരാജ് അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം ആസ്വാദ്യകരമായ ഡിന്നറും റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്കു കൊഴുപ്പേകി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം