ഒക്ലഹോമ മലയാളി അസോസിയേഷനു ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി
Tuesday, February 3, 2015 9:59 AM IST
ഒക്ലഹോമ: ഒക്ലഹോമ മലയാളികളുടെ സാമൂഹിക, സാംസ്കാരിക സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന്‍ രണ്ടു ദശാബ്ദം പിന്നിടുന്ന 2015-ല്‍ അതിന്റെ സാരഥിയായി ഷാജി ജോര്‍ജിനെ തെരഞ്ഞെടുത്തു.

അസോസിയേഷന്റെ മറ്റു ഭാരവാഹികളായി എം.എം. സിബിമോന്‍ (വൈസ് പ്രസിഡന്റ്), റെജി ടി. വര്‍ഗീസ് (സെക്രട്ടറി), ജോബി ജോസഫ് (ജോ. സെക്രട്ടറി), ഫിലിപ്പ് ആന്റണി (ട്രഷറര്‍), ഷേര്‍ളി ജോണ്‍ (ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍), കുര്യന്‍ സഖറിയ (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍), ഷാജന്‍ ഏബ്രഹാം (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), ആലീസ് റോയി (ലേഡീസ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി സാം ജോണ്‍, വര്‍ഗീസ് സി. മാണി, ടി.സി. സഖറിയ, ദിലീപ് കുരുവിള, സാം വര്‍ഗീസ്, അനില്‍ പിള്ള, ഐവാന്‍ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ഭരണ സമിതി ജനുവരി 31നു ചുമതലയേറ്റെടുത്തു. ഈ വര്‍ഷം സംഘടനയുടെ ചരിത്രത്തിലെ എന്നും ഓര്‍മിക്കപ്പെടുന്ന ഒന്നാക്കി മാറ്റുമെന്നു ഷാജി ജോര്‍ജ് ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ചു വളരെ വിപുലമായ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സെമിനാറുകള്‍, ഗ്രാന്‍ഡ് പേരന്റ്സ്, സീനിയര്‍ സിറ്റിസണ്‍സ്, മദേഴ്സ് തുടങ്ങിയവര്‍ക്കായി പ്രത്യേക പരിപാടികള്‍, യുവജനങ്ങള്‍ക്കായി ടാലന്റ് ഷോ, മറ്റ് എഡ്യുക്കേഷണല്‍ സെമിനാറുകള്‍, കേരള കാര്‍ണിവല്‍ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി റെജി ടി. വര്‍ഗീസ് പറഞ്ഞു. അസോസിയേഷന്റെ കലാവിഭാഗത്തിന്റെ ചുമതലയില്‍ അതിന്റെ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വര്‍ഷം അണിയിച്ചൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.