കുട്ടികള്‍ക്കു മീസില്‍സ് പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും നല്‍കണം: ബറാക് ഒബാമ
Tuesday, February 3, 2015 9:55 AM IST
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വ്യാപകമായിരിക്കുന്ന മീസില്‍സ് രോഗം പ്രതിരോധിക്കുന്നുള്ള കുത്തിവയ്പുകള്‍ കുട്ടികള്‍ക്കു നിര്‍ബന്ധമായും നല്‍കണമെന്നു പ്രസിഡന്റ് ഒബാമ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.

കാലിഫോര്‍ണിയായില്‍നിന്നാരംഭിച്ച മീസില്‍സ് രോഗം രാജ്യത്ത് നൂറില്‍ പരം കുട്ടികളെ ബാധിച്ചതായി ഒബാമ ഫെബ്രുവരി രണ്ടിനു(തിങ്കള്‍) നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു

വാക്സിനേഷന്റെ പ്രതിരോധ ശക്തിയെ കുറച്ചു ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകാം എന്നാല്‍, പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുന്നതിനു യാതൊരു കാരണവശാലും തടസമാകരുത്. 2000ല്‍ ഈ രോഗം പൂര്‍ണമായും അമേരിക്കയില്‍നിന്നു നിര്‍മാര്‍ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും മാരകമായി പ്രത്യക്ഷപ്പെട്ടതായും പ്രസിഡന്റ് പറഞ്ഞു.

2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം ഏതൊരാക്രമണത്തെയും പ്രതിരോധിക്കാന്‍ അമേരിക്ക സുസജ്ജമാണ്. ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന മീസില്‍സ് എന്ന രോഗത്തെയും പ്രതിരോധിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനാകുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍