സഫിയ അജിത്തിന്റെ ഓര്‍മയ്ക്കായി ദമാമില്‍ കൊല്ലം പൈതൃകം പുരസ്കാരം ഏര്‍പ്പെടുത്തി
Tuesday, February 3, 2015 9:52 AM IST
ദമാം. ജീവകാരുണ്യ മേഖലയില്‍ പ്രവാസലോകത്തെ സ്ത്രീസാന്നിധ്യവും പൈതൃകം വനിതാ വേദി കണ്‍വീനറുമായിരുന്ന സഫിയ അജിത്തിന്റെ വിയോഗത്തില്‍ ദമാം കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ (പൈതൃകം) അനുശോചിച്ചു.

കൂട്ടായ്മയ്ക്കു പൈതൃകം എന്ന പേര് സമ്മാനിക്കുകയും കഴിഞ്ഞ അഞ്ചു വര്‍ഷമായി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന സഫിയ, അനുകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനശൈലികൊണ്ടു സ്വദേ ശികളുടെപോലും അംഗീകാരം നേടിയെടുക്കാന്‍ ചുരുങ്ങിയ കാലംകൊണ്ടു സഫിയയ്ക്കു കഴിഞ്ഞിരുന്നു. വനിതാ അഭയ കേന്ദ്രങ്ങളില്‍നിന്നു നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കയറ്റിവിടുന്ന സ്ത്രീകള്‍ക്കു നാട്ടിലും തുടര്‍ന്ന് ജീവിതത്തിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിലും സഫിയ അതീവ ശ്രദ്ധചെലുത്തിയിരുന്നു. ഭര്‍ത്താവ് കെ.ആര്‍. അജിത് പൈതൃകം കൂട്ടായ്മയുടെ രക്ഷാധികാരിയുമാണ്. സൌദിയിലെ നിയമവ്യവസ്ഥകളെ പരിപൂര്‍ണമായി അനുസരിച്ചുകൊണ്ടു പ്രവാസലോകത്തിനു സഫിയ നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി സഫിയ അജിത്തിന്റെ ഓര്‍മക്കായി സൌദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികളില്‍നിന്നു തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് എല്ലാ വര്‍ഷവും പുരസ്കാരം നല്‍കാനും തീരുമാനിച്ചു.

പൈതൃകം പ്രസിഡന്റ് സലിം ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സെക്രടറി ശംസ് പനക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സഫിയ അജിത് കാണിച്ചു തന്ന മാതൃകയിലൂടെ കൂടുതല്‍ സ്ത്രീകള്‍ ജീവ കാരുണ്യ മേഖലയിലേക്കു കടന്നുവരണമെന്നു യോഗം അഭ്യര്‍ഥിച്ചു. നൌഷാദ് ഷിഫാ, നാസര്‍ മാമ, തഴവാ നൌഷാദ് അനസ്, സത്താര്‍ കല്ലുവാതുക്കല്‍, ദിക്സണ്‍, ബാബുസലം, അന്‍സര്‍, അന്‍സാരി ബസാം, ഹുസൈണ്‍ പറമ്പില്‍, സുരേഷ് റാവുത്തര്‍, സോജി സോമന്‍, ഷഹനാസ്, റഷീദ്, നാസര്‍ കാരാട്ട്, അന്‍സാര്‍ ഷാ, മുജീബ് കല്ലൂര്‍, നാസര്‍ സാഫി, സക്കീര്‍ ഹുസൈന്‍, ദാമു ആചാരി തസീബ്, ഷിജു മുഹമദ് എന്നിവരും വനിതാവേദി പ്രവര്‍ത്തകരും അനുശോചിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം