സാമൂഹിക കൂട്ടായ്മകള്‍ പൊതു നന്മ ലക്ഷ്യമാക്കണം: തൃശൂര്‍ ജില്ലാ കെഎംസിസി
Monday, February 2, 2015 10:07 AM IST
റിയാദ്: സമൂഹത്തിന്റെ നന്മ ലക്ഷ്യം വച്ചുള്ള കൂട്ടായ്മകളാണ് നാടിന് ആവശ്യമെന്നും അത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാനും അല്ലാത്തവയെ നിരുത്സാഹപ്പെടുത്താനും സമൂഹം തയാറാകണമെന്നും കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡെലിഗേറ്റ്സ് മീറ്റ് ആവശ്യപ്പെട്ടു.

ചുംബന സമരം പോലുള്ള അനാചാരങ്ങളെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള കൂടിച്ചേരലുകളോട് സമരസപ്പെടുന്നതില്‍ നിന്നും വര്‍ത്തമാനകാല സമൂഹവും മാധ്യമങ്ങളും പിന്തിരിയണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംഘശക്തി സമൂഹ നന്‍മക്ക് എന്ന പ്രമേയത്തില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി ക്യാമ്പ് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, റഫീഖ് പാറക്കല്‍, ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ യഥാക്രമം നല്ല നാളേക്ക് വേണ്ടി, മുസ്ലിം ലീഗും മതനിരപേക്ഷതയും ദന്ത സംരക്ഷണം എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.

വിവിധ സെഷനുകള്‍ക്ക് ഷൌക്കത്ത് പാലപ്പിള്ളി, അബ്ദുള്‍ ഖാദര്‍ വെണ്‍മനാട്, അക്ബര്‍ കൊടുങ്ങല്ലൂര്‍, ഉമര്‍ ഫാറൂഖ് മുള്ളൂര്‍ക്കര, ഷാഫി വടക്കേക്കാട്, ഹസന്‍ കിള്ളിമംഗലം, അബ്ദുള്‍ റസാഖ് കൊടുങ്ങല്ലൂര്‍, റസാഖ് പന്നിത്തടം, മന്‍സൂര്‍ തിരുനല്ലൂര്‍, ഹനീഫ പാടൂര്‍, സി.കെ ആലിയാമുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടിയുടെ ഭാഗമായി ശിഫ അല്‍ ജസീറ പോളിക്ളിനിക്ക് സ്പോണ്‍സര്‍ ചെയ്ത സൌജന്യ ദന്ത പരിശോധനാ ക്യാമ്പിന് ബാവ താനൂര്‍, ഹിജാസ് തിരുനല്ലൂര്‍, ഉസ്മാന്‍ വരവൂര്‍, അക്ബര്‍ വെണ്‍മനാട് എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന കാമ്പയിന്‍ പ്രഖ്യാപന സംഗമം ജില്ലാ പ്രസിഡന്റ് ബഷീര്‍ ചേറ്റുവയുടെ അധ്യക്ഷതയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനക്ക് തൃശൂര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ട പുരസ്കാരം തെന്നല മൊയ്തീന്‍ കുട്ടിക്ക് സമീര്‍ പോളിക്ളിനിക്ക് എംഡി സി.പി മുസ്തഫ സമ്മാനിച്ചു.

തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍ക്കും ദരിദ്രരായ വികലാംഗര്‍ക്കും സൌജന്യമായി വിതരണം ചെയ്യുന്ന വീല്‍ ചെയര്‍ പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം കെ.കെ കോയാമു ഹാജി നിര്‍വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. തിരുഗേഹങ്ങളുടെ സേവകനും ആധുനിക സൌദിയുടെ വികസന നായകനുമായിരുന്ന അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പഴയകാല കെഎംസിസി പ്രവര്‍ത്തകന്‍ സി.കെ അലിയമുണ്ണിക്ക് ഉപഹാരം സമര്‍പ്പിച്ചു.

അബൂബക്കര്‍ ഫൈസി മലയമ്മ, മാള മൊഹിയുദ്ദീന്‍, അക്ബര്‍ വേങ്ങാട്ട്, പി.സി അലി വയനാട്, റഷീദ് മണ്ണാര്‍ക്കാട്, ജലീല്‍ തിരൂര്‍, അഹമ്മദ് ചാലിശേരി, ശറഫുദ്ദീന്‍ കുന്നംകുളം, അലവിക്കുട്ടി ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജന. സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും ട്രഷറര്‍ അലി അഹമദ് തോഴുപ്പാടം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍