'ഫാസിസ്റ് ശക്തികള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'
Monday, February 2, 2015 9:38 AM IST
ജിദ്ദ: നിയമനിര്‍മാണസഭകളെപ്പോലും വിശ്വാസത്തിലെടുക്കാതെ ഓര്‍ഡിനന്‍സ് രാജുമായി മുന്നോട്ടുപോകുന്ന മോദിസര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പൌരസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്െടന്നു പ്രവാസി ജിദ്ദ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

സമകാലിക ഇന്ത്യ ജനാധിപത്യത്തിന്റെ ഭാവി എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍ ജിദ്ദയിലെ വ്യത്യസ്ത രാഷ്ട്രീയ-സാംസ്കാരിക-സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. വകുപ്പുമന്ത്രിമാരെ വകുപ്പുസെക്രട്ടറിമാരാക്കും വിധം അധികാര കേന്ദ്രീകരണം നടത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിക്കു തന്റെ വ്യക്തിപരമായ പ്രതിച്ഛായയില്‍ മാത്രമാണു ശ്രദ്ധ. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് ദാസ്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍നിന്നു റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുന്ന വര്‍ഗീയശക്തികള്‍ ലോകത്തെ ഏറ്റവും വലുതെന്ന് നാം അഹങ്കരിക്കുന്ന ജനാധിപത്യ വ്യവസ്ഥയെ അപായപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹത്തിനു മൌനികളായിരിക്കാന്‍ അവകാശമില്ല. മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും അഭിപ്രായ ഭേദങ്ങള്‍ക്കതീതമായി ഒരുമിച്ചു നിന്ന് പ്രതിരോധിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേ ക്കായിരിക്കും രാജ്യം എത്തിപ്പെടുക. ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കു കാരണമായ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ വ്യത്യസ്ത വീക്ഷണ ഗതികള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും വര്‍ഗീയ ശക്തികള്‍ക്ക് അതിവേഗം കീഴ്പ്പെടുത്താന്‍ കഴിയും വിധം ദുര്‍ബലമല്ല ഇന്ത്യയുടെ മതേതര ബഹുസ്വര സാംസ്കാരിക കരുത്തെന്നു പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

പ്രവാസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശ്യാം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. മഹബൂബ് അലി പത്തപ്പിരിയം വിഷയാവതരണം നടത്തി. രായിന്‍ കുട്ടി നീറാട് (കെഎംസിസി), റഹിം ഇസ്മയില്‍ (ഒഐസിസി), റഫീഖ് പത്തനാപുരം (നവോദയ), ഉസ്മാന്‍ ഇരിങ്ങാട്ടിരി (സോഷ്യല്‍ മീഡിയ ഫോറം), സിദ്ധീഖ് വാണിയമ്പലം (ഫോകസ് ജിദ്ദ), ഉമര്‍ ഫാറൂഖ് (യൂത്ത് ഇന്ത്യ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് ഉപസംഹരിച്ചു. റഹീം ഒതുക്കുങ്ങല്‍ സ്വാഗതവും ഷാഫി കെ.എം. നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍