മഅ്ദനിക്കെതിരേ തുടരുന്ന നീതി നിഷേധം അവസാനിപ്പിക്കണം: പിഡിപി
Monday, February 2, 2015 9:37 AM IST
ജിദ്ദ: അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ തുടരുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കാന്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹത്തിനു പൂര്‍ണമായ നീതി ലഭിക്കാനുള്ള നിയമപോരാട്ടത്തില്‍ പൊതുസമൂഹവും പ്രവാസികളും പിന്തുണ നല്‍കണമെന്നും പിഡിപി കേന്ദ്ര കമ്മിറ്റിയംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമായ ടി.എ. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

നാലുവര്‍ഷം മുമ്പ് അറസ്റ് ചെയ്ത സമയത്ത് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുകയോ രണ്ടു വര്‍ഷം മുമ്പ് എന്‍ഐഎ കോടതി ബംഗളൂരുവില്‍ സ്ഥാപിതമായ സമയത്തു കേസ് പ്രസ്തുത കോടതിക്കു കൈമാറുകയോ ചെയ്യാതെ ഇപ്പോള്‍ കേസ് എന്‍ഐ കോടതിക്ക് കൈമാറിയ കര്‍ണാടകസര്‍ക്കാരിന്റെ നടപടി, വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജാമ്യവും നാലു മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി തീര്‍പ്പുകല്‍പ്പിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കുന്നതിനും അതു വഴി മഅദനിയുടെ കേസ് നീട്ടിക്കൊണ്ടു പോകുക എന്ന ഗൂഢാലോചനയാണ് ഒളിഞ്ഞിരിക്കുന്നതെന്നു പിസിഎഫ് ജിദ്ദ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു താങ്ങും തണലുമായി നില്‍ക്കുന്ന പ്രവാസികളോടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാണിക്കുതെന്നും അമിതമായ വിമാന യാത്രാ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടമെണമെന്നും പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ കേവലം പ്രഖ്യാപനത്തില്‍ ഒതുക്കാതെ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും പ്രവാസികളുടെ ജോലിസ്ഥരിരത ഉറപ്പ് വരുത്തുവാന്‍ പുതിയ തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്നും മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തിന്റെ നിര്യാണത്തില്‍ യോഗം അനുശോച്ചിച്ചു. സംഗമത്തില്‍ പ്രസിഡന്റ് സിദ്ദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. ദിലീപ് താമരക്കുളം, പി.എ. മുഹമ്മദ് റാസി വൈക്കം, സുബൈര്‍ മൌലവി വിപ്പെരിയാര്‍, അനീസ് അഴീക്കോട്, അബ്ദുള്‍ റൌഫ് തലശേരി, അബ്ദുള്‍ റഷീദ് ഓയൂര്‍, ബക്കര്‍ സിദ്ദിഖ് പെരിന്തല്‍മണ്ണ, ഇസ്മായില്‍ ത്വാഹ കാഞ്ഞിപ്പുഴ, അബ്ദുള്‍ കരീം മരിേ, ഹാഷിര്‍ മുട്ടിയൂര്‍, നജീബ് പെരിന്തല്‍മണ്ണ, അബ്ദുള്‍ അസീസ് ഒതുക്കുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റര്‍ മമ്പുറം സ്വാഗതവും ജാഫര്‍ മ.പ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍