'മാനവികതയുടെ പ്രവാചകന്‍' കാമ്പയിന്‍ സമാപിച്ചു
Monday, February 2, 2015 9:33 AM IST
ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറവും അബ്ദുള്ള ബിന്‍ സയിദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന 'മാനവികതയുടെ പ്രവാചകന്‍' കാമ്പയിന്‍ സമാപിച്ചു.

സലത്ത ജദീദിലെ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍സമാന്‍ മസ്ജിദില്‍ നടന്ന സമാപന പരിപാടിയില്‍ സുബൈര്‍ അല്‍ കൌസരി മുഖ്യപ്രഭാഷണം നടത്തി.

കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സാമൂഹ്യ തിന്മകള്‍ക്കെതിരേ ശക്തമായി നിലകൊണ്ട പ്രവാചകന്റെ അനുയായികളാണു മുസ്ലിങ്ങള്‍. സമൂഹത്തില്‍ ദീനിന്റെ പേരില്‍ കടന്നു വരുന്ന പുത്തന്‍ പ്രവണതകളും കേവലം ആചാരാനുഷ്ഠാനങ്ങളില്‍ ദീനിനെ തളച്ചിടാനുള്ള ശ്രമങ്ങളും ചില കോണുകളില്‍നിന്നുയര്‍ന്നു വരുന്നത് ആശങ്കാജനകമാണും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്റെ ആത്മാവിനെ തൊടാത്ത ഇത്തരം പ്രവര്‍ത്തനങ്ങളല്ല പ്രവാചകന്‍ നമ്മെ പഠിപ്പിച്ചത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥയായ വര്‍ത്തമാനകാലത്ത് നിസംഗതയുടെ മാളത്തിലൊളിക്കാനും സഹജീവികളുടെ രോധനങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാനും ഇസ്ലാം പഠിപ്പിച്ചിട്ടില്ല. പ്രവാചകന്റെ ശരിയായ അധ്യപനങ്ങളിലേക്കും ചര്യയിലേക്കും മടങ്ങാനും അതുവഴി വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനും സുബൈര്‍ അല്‍ കൌസരി ഉദ്ബാധിപ്പിച്ചു. അനസ് അല്‍ ഖാസിമി, ജഷീര്‍ മൌലവി എന്നിവര്‍ പ്രസംഗിച്ചു.