ബാലവേദി കുവൈറ്റ് റിപ്പബ്ളിക്ദിനം ആഘോഷിച്ചു
Monday, February 2, 2015 9:28 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളികുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 66-ാമത് റിപ്പബ്ളിക്ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ മൂന്നു മേഖലകളിലായി റിപ്പബ്ളിക്ദിന സമ്മേളനവും പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിച്ചു.

അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന അബാസിയ മേഖലാ പരിപാടികള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ മാനേജര്‍ ജോണ്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാലാവേദി കുവൈറ്റ് മേഖലാ പ്രസിഡന്റ് എഡ്വിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ദേവി നന്ദന, അറ്റ്ലിന്‍ മാത്യു എന്നിവര്‍ യഥാക്രമം റിപ്പബ്ളിക്ദിന സന്ദേശവും ഗാന്ധിസ്മരണയും നടത്തി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, സജീവ് എം. ജോര്‍ജ്, രഞ്ജിത് ഓര്‍ച്ച, വല്‍സ സ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനു ബാലവേദി കുവൈറ്റ് മേഖലാ സെക്രട്ടറി ഹക്സ ജോമോന്‍ സ്വാഗതവും ട്രഷറര്‍ അരവിന്ദ് നന്ദിയും പ്രകാശിപ്പിച്ചു.

മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ നടന്ന ഫഹഹീല്‍ മേഖലാ പരിപാടികള്‍ സുരേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഞ്ജു പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഭദ്ര പ്രശാന്ത്, ഹൃദിക് ശിവദാസ് എന്നിവര്‍ റിപ്പബ്ളിക്ദിന സന്ദേശവും ഗാന്ധിസ്മരണയും നടത്തി. ബാലവേദി കുവൈറ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രഖീല്‍ കെ. മോഹന്‍ദാസ് കാരുണ്യം പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ശാന്താ ആര്‍. നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്യാംകുമാര്‍ ആമുഖപ്രസംഗം നടത്തി. ചടങ്ങിനു ജോയല്‍ തോമസ് സ്വാഗതവും ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി അമ്മാന്‍ ബ്രാഞ്ചില്‍ നടന്ന സാല്‍മിയ മേഖലാ പരിപാടികള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. മാളവിക ദിലീപ് അധ്യക്ഷയായ ചടങ്ങില്‍ അഫ്ര റാഫി റിപ്പബ്ളിക് ദിന സന്ദേശവും ഏയ്ഞ്ചലിന്‍ ഏബ്രഹാം ഗാന്ധി സ്മരണയും നടത്തി. സുരേഷ്ബാബു, ദിവ്യകിരണ്‍, രമേശ് കണ്ണപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കാരുണ്യം പദ്ധതിയുടെ 'വഞ്ചി' വിതരണം അരുണ്‍കുമാര്‍ നിര്‍വഹിച്ചു. മത്സര വിജയികള്‍ക്കു ജെ. സജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിനോദ് ആമുഖ പ്രഭാഷണം നടത്തി. നേഹ കുറുപ്പ് സ്വാഗതവും അദ്വൈത് സജി നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രച്ഛന്നവേഷ മത്സരത്തില്‍ സമ്മാനര്‍ഹാരായ കുട്ടികള്‍ക്കുള്ള സമ്മാനദാനം വിവിധ മേഖല ആഘോഷ പരിപാടികളില്‍ നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍