മാര്‍ക്ക് കുടുംബ സംഗമം വര്‍ണാഭമായി
Monday, February 2, 2015 4:23 AM IST
ഷിക്കാഗോ: നൂറോളം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും, കുടുംബാംഗങ്ങളും പങ്കെടുത്ത മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പുതുവത്സര കുടുംബ സംഗമം ശ്രദ്ധേയമയി. ജനുവരി 24-ന് ശനിയാഴ്ച വൈകുന്നേരം നടത്തപ്പെട്ട ഈ വാര്‍ഷികാഘോഷത്തിന് വേദിയായത് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളാണ്.

ബേബി സ്വാതി അജിത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് അധ്യക്ഷ പ്രസംഗം നടത്തി. മുന്‍ മാര്‍ക്ക് പ്രസിഡന്റും ഷിക്കാഗോ മെതഡിസ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായ ജോസഫ് ചാണ്ടി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് പ്രസ്സന്‍സ് ഹെല്‍ത്ത് സിസ്റം വൈസ് പ്രസിഡന്റ് ഡോ. റേച്ചല്‍ ജോര്‍ജാണ്. മാര്‍ക്ക് കുടുംബ സംഗമത്തിലെ സ്ഥിര സാന്നിധ്യമായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണ മരണത്തിനിടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തുന്ന തീവ്ര ശ്രമങ്ങള്‍ സമ്മേളനത്തില്‍ സന്നിഹിതയായിരുന്ന മാതാവ് ലൌലി വര്‍ഗീസ് വിശദീകരിച്ചു. അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് റൈസിംഗിനായി വില്‍ക്കുന്ന 'ടീഷര്‍ട്ടുകള്‍' മുഖ്യാതിഥികള്‍ക്ക് യോഗത്തില്‍ വെച്ച് നല്‍കുകയുണ്ടായി.

ചെണ്ടമേളം, സംഘനൃത്തങ്ങള്‍, ഗാനമേള, കവിതാ പാരായണം എന്നിവ ഉള്‍പ്പെടുത്തി മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ സദസ് ആസ്വദിച്ചു. ഷൈനി ഹരിദാസ്, സമയാ ജോര്‍ജ്, സോണിയാ വര്‍ഗീസ് എന്നിവര്‍ ആഘോഷപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുകയും എം.സിമാരായി പ്രവര്‍ത്തിക്കുകയും ചെയ്തു. മാര്‍ക്ക് ട്രഷറര്‍ സാം തുണ്ടിയില്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. മാക്സ് ജോയി, സണ്ണി കൊട്ടുകാപ്പള്ളി, ജോമോന്‍ മാത്യു, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം