രാജി ബ്രാറിനെ കേണ്‍ കൌണ്ടി ബോര്‍ഡില്‍ ഗവര്‍ണര്‍ നിയമിച്ചു
Saturday, January 31, 2015 8:41 AM IST
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ബേക്കേഴ്സ് ഫീല്‍ഡില്‍നിന്നുളള രാജി ബ്രാറിനെ (39) കേണ്‍ കൌണ്ടി ഫെയര്‍ ബോര്‍ഡ് ഡയറക്ടറായി നിയമിച്ചു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗമായ രാജിയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നു ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യന്‍ വംശജയായ ഒരാളെ ആദ്യമായാണു ബോര്‍ഡില്‍ അംഗമാക്കുന്നതെന്നു സിക്ക് അമേരിക്കന്‍ പ്രതിനിധി പറഞ്ഞു.

2006-2008 അര്‍വിന്‍ സിറ്റി കൌണ്‍സില്‍ അംഗമായും ആര്‍വിന്‍ റിഡെവലപ്പ്മെന്റ് ഏജന്‍സി വൈസ് ചെയറായും സാന്‍ ജോക്വിന്‍ വാലി എയര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെംബറായും രാജി ബ്രാര്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നു ബയോളജിയില്‍ ബിരുദവും ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുളള രാജിയെ കാലിഫോര്‍ണിയ സെനറ്റ് ഡിസ്ട്രിക്ട് 16ല്‍ വുമണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തിരുന്നു.

ജീവിതത്തിലുണ്ടായ നേട്ടങ്ങളുടെ പുറകില്‍ മാതാപിതാക്കളുടെ നിര്‍ലോഭമായ സഹകരണവും മാര്‍ഗ നിര്‍ദേശവുമായിരുന്നുവെന്നു പുതിയ സ്ഥാനലബ്ധിയെ ക്കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് രാജിപറഞ്ഞു. ഭര്‍ത്താവും രണ്ടു മക്കളുമായി കേണ്‍ കൌണ്ടിയിലാണ് രാജി താമസിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍