മ്യൂണിക്കില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Saturday, January 31, 2015 4:29 AM IST
മ്യൂണിക്ക്: മ്യൂണിക്കിലെ ജനറല്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ അറുപത്തിയാറാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ജനുവരി 26 ന്(തിങ്കള്‍) രാവിലെ ഒന്‍പതു മണിയ്ക്ക് മ്യൂണിക്ക് കോണ്‍സുലേറ്റില്‍ ജനറല്‍ കോണ്‍സലര്‍ എം.സേവലാ നായിക് ഇഡ്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു.

തുടര്‍ന്ന് മ്യൂണിക്കിലെ ഹാന്‍സ് സൈഡന്‍ സ്റിഫ്റ്റൂംഗ് കോണ്‍ഫ്രന്‍സ് സെന്ററില്‍ ആരംഭിച്ച ആഘോഷച്ചടങ്ങില്‍ ബവേറിയന്‍ സംസ്ഥാന മന്ത്രി(യൂറോപ്യന്‍ അഫയേഴ്സ് & റീജിയണല്‍ റിലേഷന്‍സ്) ബിയാറ്റെ മെര്‍ക്ക് മുഖ്യാതിഥിയായിരുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, എംബസി ഉദ്യോഗസ്ഥര്‍, ബിസനസുകാര്‍, പ്രവാസികളായ സാഹിത്യ, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ 100 സ്മാര്‍ട്ട് സിറ്റികളുടെ വിഷയം ചടങ്ങില്‍ പരാമര്‍ശിയ്ക്കപ്പെട്ടു.

സുനില്‍ ബാനര്‍ജി(സിത്താര്‍) എര്‍ഹാര്‍ഡ് ഡെന്‍ഗല്‍(തബല) എന്നിവര്‍ മുഴക്കിയ രാഗതാളമേളങ്ങള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ലഘുഭഷണവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍