സാന്ത്വനസ്പര്‍ശമായി ലൈറ്റ് ഇന്‍ ലൈഫ്
Friday, January 30, 2015 10:25 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ്, സൌഹൃദയ കലാവേദിയും ലൈബ്രററി നീലീശ്വരം എറണാകുളവുമായി സഹകരിച്ച് സാന്ത്വനം-മാനവസേവ പദ്ധതിയുടെ ഭാഗമായി ജനുവരി 26ന് (തിങ്കള്‍) വൈകുന്നേരം 6.30ന് കലാവേദി ഓഡിറ്റോറിയത്തില്‍ ഭവനനിര്‍മാണ സഹായം, വികലാംഗര്‍ക്കായി സ്കൂട്ടറുകളുടെ വിതരണം, നഴ്സിംഗ് പഠനസഹായം, ഭവനനിര്‍മാണ സഹായം എന്നിവയുടെ വിതരണോദ്ഘാടനം നടന്നു. കലാവേദി പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ 1001 ചിരാതില്‍ ദീപങ്ങള്‍ തെളിയിച്ച് റിപ്പബ്ളിക് ദീപസന്ധ്യയോടെ സമ്മേളനം തുടങ്ങി.

ലൈറ്റ് ഇന്‍ ലൈഫ് ചെയ്തുവരുന്ന മാനവസേവാ പദ്ധതികള്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനലക്ഷ്യം മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുമ്പോള്‍ മനുഷ്യനു ലഭിക്കുന്ന ആത്മസംതൃപ്തി. 'മാനവസേവ, മാധവസേവ' എന്ന പ്രഖ്യാപിത സാംസ്കാരിക വാക്യം സൂചിപ്പിച്ച് ഷൈന്‍ പി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

'ഒരുവന്‍ പത്തുരൂപ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ അല്ലെങ്കില്‍ ആ ദിവസം എന്തെല്ലാം ചെയ്തു എന്നെല്ലാം വിലയിരുത്തി ജിവിക്കുമ്പോള്‍ അവന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുമെന്ന്' ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനകനായെത്തിയ ഇന്നസെന്റ് എംപി പറഞ്ഞു. പത്തു രൂപ മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അതു പൊലിപ്പിച്ചു പറഞ്ഞുനടക്കുന്ന ഇക്കാലത്ത് ലൈറ്റ് ഇന്‍ ലൈഫ് കൂട്ടായ്മയിലെ ഒരാള്‍പോലും വരാതെ ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കുന്നതു മഹത്തരവും അപൂര്‍വവുമാണെന്നും ഇതാണു യഥാര്‍ഥ മാനവസേവനം എന്നും അഭിപ്രായപ്പെട്ട ഇന്നസെന്റിന്റെ വാക്കുകളെ സദസ് വന്‍ കരഘോഷത്തോടെയാണു സ്വീകരിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് സ്കൂട്ടറുകള്‍ നല്‍കി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

കത്തിപ്പോയ വീടിനു പകരം പുതിയ വീടിനുളള ഒരു ലക്ഷം രൂപയുടെ ചെക്ക് ജോസ് തെറ്റയില്‍ എംഎല്‍എ കൊമരി ലാലുവിനു നല്‍കി നിര്‍വഹിച്ചു. ലൈറ്റ് ഇന്‍ ലൈഫ് അംഗങ്ങള്‍ക്ക് ദൈവാനുഗ്രഹത്താലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമെന്ന് അഭിപ്രായപ്പെട്ട ജോസ് തെറ്റയില്‍, ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടയ്ക്ക് ഈ പ്രദേശത്തെ പരിചയപ്പെടുത്തിയ ഷാജി എടത്തലയെ അഭിനന്ദിച്ചു.

റിപ്പബ്ളിക്ദിന സന്ദേശം നല്‍കി ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ച കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ രണ്ടു വിദ്യാര്‍ഥിനികള്‍ക്കു നഴ്സിംഗ് പഠിക്കുന്നതിന് സാമ്പത്തികസഹായം നല്‍കി.

30 വയോധികര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിമാസ സാമ്പത്തിക സഹായത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം ലൈബ്രറി കൌണ്‍സില്‍ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നിര്‍വഹിച്ചു.