'ഇന്ത്യയെ മതരാഷ്ട്രമാക്കുവാനുള്ള ഹീനശ്രമമാണു മോദിയും കൂട്ടരും നടത്തുന്നത്'
Friday, January 30, 2015 10:08 AM IST
മസ്കറ്റ്: മതേതരത്വവും ജനാധിപത്യവും അട്ടിമറിച്ച് ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുവാന്‍ മോദിയും ഹൈന്ദവഫാസിസ്റുകളും ശ്രമിക്കുകയാണെന്നു കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി പ്രസ്താവിച്ചു. ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 'മതേതരത്വം ഭാരതത്തിന്റെ ആത്മാവ്' എന്ന വിഷയത്തില്‍ റിപ്പബ്ളിക്ദിനത്തില്‍ കേരള ഇസ്ലാഹി ക്ളാസ് റൂം നടത്തിയ മതേതരത്വ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയ്ക്കെതിരെ നിലകൊള്ളുവാനും ഇന്ത്യന്‍ പൌരന്മാരെ ഒന്നായി കാണാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്ന് അഡ്വ. ആന്റണി ജുബൈല്‍ (ഒഐസിസി) പറഞ്ഞു.

മോദിയുടെ അധികാരാരോഹണ ശേഷം ഹൈന്ദവ ഫാസിസ്റുകള്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരായ കാര്യങ്ങളാണ് ഇന്ത്യയില്‍ ചെയ്യുന്നതെന്ന് അഡ്വ. സുധീന്ദ്രന്‍ യാമ്പു ചൂണ്ടിക്കാട്ടി. മതേതരത്വമെന്ന ഭാരതത്തിന്റെ പൈതൃകം നിലനിര്‍ത്തുവാന്‍ ചിന്താപരമായ കാമ്പയിനുകളിലൂടെ സാധ്യമാക്കണമെന്നു ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് സര്‍വകാലശാലയിലെ ഡോ. ഇസ്മയില്‍ മരുതേരി അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ സയിദ് മുഹമ്മദ് മുസ്തഫ സുല്ലമി അധ്യക്ഷത വഹിച്ചു. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞഹമ്മദ് കോയ ഹായില്‍, യുഎഇ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുള്‍ വാഹിദ് മയ്യേരി, ഖത്തര്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര, എന്‍ജിനിയര്‍ ഷംസീര്‍ മൊയ്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം