നവയുഗം സഫിയ അജിത് അനുസ്മരണവും മയ്യത്ത് നമസ്കാരവും നടത്തി
Friday, January 30, 2015 10:04 AM IST
ദമാം: നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി മയ്യത്ത് നമസ്കാരവും അനുശോചനയോഗവും സംഘടിപ്പിച്ചു.

മയ്യത്ത് നമസ്കാരത്തിന് അബ്ദുള്‍ അസീസ് സാദി നേതൃത്വം നല്‍കി. അനുശോചനയോഗത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി അസിസ്റന്റ് സെക്രട്ടറി എം.എ. വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. നവയുഗം ദമാം മേഖലാ പ്രസിഡന്റ് സ്വാഗതവും ദമാം മേഖലാ സെക്രട്ടറി നവാസ് ചാന്നാങ്കര നന്ദിയും പറഞ്ഞു.

സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തകയെയാണു സഫിയ അജിത്തിന്റെ നിര്യാണത്തിലൂടെ പ്രവാസഭൂമിക്കു നഷ്ടമായതെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ അനുശോചനപ്രമേയത്തില്‍ പറഞ്ഞു. അര്‍ബുദം എന്ന മഹാരോഗം ഇഞ്ചിഞ്ചായി കീഴ്പ്പെടുത്തുമ്പോഴും പൊതുപ്രവര്‍ത്തന രംഗത്തുനിന്നും അല്പംപോലും മാറിനില്‍ക്കാതെ അചഞ്ചലമായ മനോധൈര്യത്തോടുകൂടി ജീവകാരുണ്യമേഖലയില്‍ നൂറുകണക്കിനു നിരാലംബര്‍ക്കു ത#ാങ്ങുംതണലുമായി നിലകൊണ്ട അപൂര്‍വം വ്യക്തിത്വത്തിനുടമയായിരുന്നു സഫിയ അജിത്ത്. അവരെ തേടിയെത്തിയ നിരവധി പുരസ്കാരങ്ങളും ബഹുമതികളും പ്രവര്‍ത്തന മികവിന്റെ തെളിവാണ്. ഏറ്റെടുത്ത വിഷയങ്ങള്‍ വിജയത്തില്‍ എത്തുന്നതുവരെ സഫിയ വിശ്രമിക്കാറില്ല. ജീവകാരുണ്യമേഖലയില്‍ സഫിയ അജിത് തെളിച്ച വഴികള്‍ കാടും പടലും പിടിച്ചു പോകാതെ സംരക്ഷിക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണെന്നും നിസ്വാര്‍ഥമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നും അനുശോചനപ്രമേയത്തില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളില്‍നിന്നുള്ള നിരവധി പേര്‍ പങ്കെടുത്ത അനുശോചനയോഗത്തില്‍ നവയുഗം രക്ഷാധികരി അജിത് ഇബ്രാഹിം, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, പി.എം.നജീബ് (ഒഐസിസി), ജോര്‍ജ് വര്‍ഗീസ് (നവോദയ), മാലിക് മക്ബൂല്‍ (കെഎംസിസി), കെ.എം. ബഷീര്‍ (തനിമ), പി.എ.എം. ഹാരിസ് (മലയാളം ന്യൂസ്), സാജിദ് ആറാട്ടുപുഴ (മീഡിയ വണ്‍), അലി കളത്തിങ്കല്‍ (തേജസ്), അഷ്റഫ് ആലാത്ത് (ചന്ദ്രിക), നാസ് വക്കം, അലികുട്ടി ഒലവട്ടൂര്‍, മുഹമ്മദ് നജാത്തി, കമാല്‍ കളമശേരി, ടിപി. റഷീദ് (നവയുഗം ജുബൈല്‍), റൂബി ജോസഫ്, നൌഷാദ് തഴവ (പൈതൃകം), ഗുണശീലന്‍ (വടകര എന്‍ആര്‍ഐ ഫോറം), സഹദ് നീലിയത് (നെസ്റോ), ആല്‍വിന്‍ (എസ്പ്രെസ് മണി), വര്‍ഗീസ് ഇടുക്കി (റോസ്റ് മാസ്റര്‍), അബ്ദുള്‍ സത്താര്‍ (താന്‍സ), ജമാല്‍ വലിയപള്ളി (നവയുഗം അല്‍കോബാര്‍), ലീന ഉണ്ണിക്കൃഷ്ണന്‍ (നവയുഗം കുടുംബവേദി), നന്ദിനി (നവോദയ കുടുംബവേദി), സഹീര്‍ ബാബു (ഫോക്കസ്), കമാല്‍ കോതമംഗലം (ഇഎംഎ), റീജ ഹനീഫ (നവയുഗം വനിതാ വേദി), ബാസിം ഷാ (നവയുഗം ദമാം), അബ്ദുള്‍ മജീദ് (സിജി) എന്നിവര്‍ അനുശോചിച്ചു പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം