കുവൈറ്റ് സര്‍വകലാശാല വികസനം; ഇന്ത്യന്‍ കമ്പനിക്കു കരാര്‍
Thursday, January 29, 2015 8:30 AM IST
കുവൈറ്റ് സിറ്റി: നിയമ, സാമൂഹികശാസ്ത്ര, ശരിഅത്ത്, ഇസ്ലാമിക് പഠനങ്ങള്‍ക്കായി കുവൈറ്റ് സര്‍വകലാശാലയുടെ പദ്ധതി സംബന്ധിച്ച് ഇന്ത്യന്‍ കമ്പനിയും കുവൈറ്റ് സര്‍വകലാശാലയും കരാര്‍ ഒപ്പുവച്ചു.

മുംബൈ ആസ്ഥാനമായുള്ള ഷപൂര്‍ജി പലോന്‍ജി ആന്‍ഡ് കമ്പനിയാണു കെട്ടിടം നിര്‍മിക്കുന്നതിനും നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായുള്ള കരാര്‍ ഒപ്പുവച്ചത്.

കുവൈറ്റിലെ അല്‍ സാഗര്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ പങ്കാളിയാണു ഷപൂര്‍ജി പലോന്‍ജി. 150 ദശലക്ഷം ദിനാറിന്റേതാണു പദ്ധതി. കുവൈറ്റ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ ഹമദ് അല്‍ ഈസ, സര്‍വകലാശാലായിലെ നിര്‍മാണവിഭാഗം ഡയറക്ടര്‍ ഡോ. ഖുതൈബ അബ്ദുറസാഖ് അല്‍ റസൂഖി, ഷപൂര്‍ജി കമ്പനി എംഡിയും സിഇഒയുമായ മോഹന്‍ ദാസ്, കുവൈറ്റ് കണ്‍ട്രി മാനേജര്‍ അരുണ്‍ സെന്‍, അല്‍ സാഗര്‍ ജനറല്‍ ട്രേഡിംഗ് കമ്പനി ചെയര്‍മാന്‍ യൂസുഫ് അല്‍ സാഗര്‍ എന്നിവര്‍ കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. കരാറനുസരിച്ചുള്ള നിര്‍മാണം നാലുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നു മന്ത്രി ബദര്‍ ഹമദ് അല്‍ ഈസ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍