സഭകളുടെ ഐക്യ സംഗമത്തിന് ഫ്ളോറിഡ വേദിയായി
Thursday, January 29, 2015 4:25 AM IST
ഫ്ളോറിഡ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഫ്ളോറിഡായില്‍ നടന്ന സഭകളുടെ ഐക്യസംഗമം അവിസ്മരണീയമായി. വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുളള സാഹോദര്യ ബന്ധം ദൃഢപ്പെടുത്തുന്നതിനായി മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം ആരംഭം കുറിച്ച ആറാം സമ്മേളനമാണ് ഇത്തവണ നടന്നത്. സൌത്ത് ഫ്ളോറിഡായിലെ ക്രൈസ്തവ സഭകളെ ഒന്നിപ്പിച്ച ഈ സമ്മേളനം വിശ്വാസികളുടെ മനസ്സുകളില്‍ ഐക്യത്തിന്റെ സന്ദേശം പരത്തി.

ആരാധനയിലെ ആചാരങ്ങളുടെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്തു യേശുവില്‍ നാം എല്ലാവരും ഒന്നാണെന്നുളള അവബോധത്തെ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുവാന്‍ സാധിപ്പിച്ചത് ഈ വര്‍ഷത്തെ എക്യുമിനിക്കല്‍ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 24 ന് ഫ്ളോറിഡായിലെ ടമറാക്ക് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന കൂട്ടായ്മയില്‍ മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, കാത്തലിക്, യാക്കോബായ, ക്നാനായ, സിഎസ്ഐ, മലങ്കര തുടങ്ങി എല്ലാ സഭകളിലെയും വികാരിമാരും സഭാ വിശ്വാസികളും ആദിയോടന്തം പങ്കെടുത്തു.

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ സഭയുടെ ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ ഈ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് എക്യുമെനിക്കല്‍ സാഹോദര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. എപ്പിസ്കോപ്പല്‍ ചര്‍ച്ച് സൌത്ത് ഈസ്റ്റ് റീജിയന്‍ ബിഷപ്പ് റവ. ലിയോപ്പോഡ് ഫ്രഡേ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ റിട്ടയേര്‍ഡ് ബിഷപ്പ് റൈറ്റ്. റവ. ഡോ. ജോര്‍ജ് നൈനാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് മുഖ്യസന്ദേശങ്ങള്‍ നല്‍കി. റവ. ഫാ. കുര്യാക്കോസ്, റവ. ഫാ. ജോര്‍ജ് നൈനാന്‍, ഫാ. അഡോപ്പളളില്‍ ജോസ്, ഡീക്കന്‍ ജോഷ് തോമസ് തുടങ്ങിയവര്‍ വിവിധ സഭകളെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും സഭകളുടെ കൂട്ടായിട്ടുളള പ്രവര്‍ത്തനത്തിന് ഇത്തരത്തിലുളള സമ്മേളനങ്ങള്‍ ഇടയാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് എക്യുമിനിക്കല്‍ സഭാ വൈദീകര്‍ നേതൃത്വം നല്‍കി.

മുന്‍ വര്‍ഷത്തെ എക്യുമിനിക്കല്‍ സമ്മേളനത്തിന്റെ വീഡിയോ പ്രദര്‍ശനം, എക്യുമിനിക്കല്‍ ഗായക സംഘം ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങള്‍, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനം, കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ തിളക്കമേറിയ ഈ സമ്മേളനത്തിന് എത്തിയ ഏവരെയും ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജോസഫ് തോമസ് സ്വാഗതം ചെയ്യുകയും എക്യുമിനിക്കല്‍ കമ്മിറ്റി മെംബര്‍ മാമ്മന്‍ സി. ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സ്നേഹ വിരുന്നും ക്രമീകരിച്ചിരുന്നു.

സൌത്ത് ഫ്ളോറിഡ മാര്‍ത്തോമ ഇടവക വികാരി റവ. ജോണ്‍ മാത്യു, എക്യുമിനിക്കല്‍ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളിലെ അംഗങ്ങള്‍ അടങ്ങിയ കമ്മറ്റി ഈ എക്യുമിനിക്കല്‍ സംഗമത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: അലന്‍ ജോണ്‍