മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്നു (ബുധനാഴ്ച) നാട്ടിലേക്ക് കൊണ്ടുപോകും
Wednesday, January 28, 2015 1:13 AM IST
മസ്കറ്റ്: മസ്കറ്റിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം അമ്പൂരി ചുണ്െടലിക്കാട്ടില്‍ ജോസ് ചാക്കോ -മറിയാമ്മ ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്നു (ബുധനാഴ്ച) രാത്രി 10.30-ന് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് ബന്ധു സജി ഔസേഫ് ദീപികയോട് പറഞ്ഞു.

മസ്കറ്റ് കൌള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ എംബാമിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരുമണിയോടുകൂടി പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കും. വ്യാഴാഴ്ച രാവിലെ പേയാട്ടുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം അമ്പൂരി ആറുകാണി തിരുക്കുടുംബ ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

23-ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മസ്കറ്റ് സോഹാര്‍ റൂട്ടില്‍ ഒമാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം. ട്രാക്കില്‍ നിന്നും തെന്നി മാറി പലവട്ടം മറിഞ്ഞ ടൊയോട്ട പ്രാഡോ വാഹനത്തിലുണ്ടായിരുന്ന മറിയാമ്മ തല്‍ക്ഷണം മരണമടയുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയായ കൌള ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട ജോസ് ചാക്കോയും രാത്രി ഒമ്പതിനു മരണമടഞ്ഞു.

വാഹനത്തില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന തൃശൂര്‍ സ്വദേശി സുരേഷ് വാരിയെല്ലുകള്‍ക്ക് പരിക്കുകളോടെ കൌള ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവീണ്‍ പരിക്കുകളില്ലാതെ രക്ഷപെട്ടിരുന്നു. ഇവര്‍ രണ്ടുപേരും ജോസ് ചാക്കോ നടത്തിയിരുന്ന അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലെ ജോലിക്കാരാണ്.

മക്കള്‍: ജോമിനി, ജോം, ജിം. മരുമകന്‍: നിതീഷ്. ഇളയ മകനായ ജിമ്മാണ് വാഹനമോടിച്ചിരുന്നത്. സുല്‍ത്താന്‍ ഖാബൂസ് യുണിവേര്‍സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിം ചൊവ്വാഴ്ച ആശുപത്രി വിട്ടു.

പരേതന്റെ സഹോദരങ്ങള്‍: ജോസ് ജെയിംസ് (റാസ്അല്‍ഖൈമ) റവ. ഫാ.ആന്റണി ചുണ്െടലിക്കാട്ടില്‍ (യു.കെ) ടെസ്സി ഒതളമറ്റം (അതിരമ്പുഴ).മറിയാമ്മ കുടിലില്‍ (അമ്പൂരി) റോസ്കുട്ടി ചെന്നറ്റത്ത് (നെയ്യാറ്റിന്‍കര) ഏലിയാമ്മ (അഞ്ചല്‍) അന്നമ്മ പിച്ചകശേരില്‍ (ഏറ്റുമാനൂര്‍) സിസ്റര്‍ റെജീനമാണി എസ്. എച്ച്.

പരേത അമ്പൂരി മുള്ളന്‍പാറക്കല്‍ കുട്ടപ്പന്റെ മകളാണ്. ഫാ.ജോണ്‍ മുള്ളന്‍പാറക്കല്‍ (ചങ്ങനാശ്ശേരി എസ്.ബി കോളേജ് വൈസ് പ്രിന്‍സിപ്പല്‍), സിസ്റര്‍ മെര്‍സി ട്രീസ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം