മലയാള സംസ്കാരത്തോടുള്ള പ്രവാസികളുടെ താത്പര്യം കേരളത്തിലുള്ളവര്‍ കണ്ടു പഠിക്കണം: അടൂര്‍ ഗോപാലകൃഷ്ണന്‍
Tuesday, January 27, 2015 5:48 AM IST
കോട്ടയം: മലയാളത്തോടും സംസ്കാരത്തോടുമുള്ള പ്രവാസിളുടെ താല്‍പര്യം കേരളത്തില്‍ ജീവിക്കുന്നവര്‍ കണ്ടു പഠിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫൊക്കാന കേരള കണ്‍വന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ് പ്രവാസികള്‍. വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും ജന്മനാട്ടിലെ ചലനങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. രാഷ്ട്രീയമായും സാംസ്കാരികമായും നാടിന്റെ ഭാഗമാകാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷയെ മറക്കാത്ത പ്രവാസികള്‍ പുതിയ തലമുറയെ കേരള സംസ്കാരത്തില്‍ വളര്‍ത്തുന്ന കാര്യത്തില്‍ ഏറെ താത്പര്യം കാട്ടുന്നുണെന്ന് അദ്ദേഹം പറഞ്ഞു.

ചാരിറ്റബിള്‍ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സമാഹരിച്ചുള്ള പ്രസിദ്ധീകരണമായ ഫൊക്കാന ടുഡേ ചടങ്ങില്‍ പ്രകാശിപ്പിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവയത്രി സുഗതകുമാരിയ്ക്കുവേണ്ടി മകള്‍ ലക്ഷ്മി, വ്യവസായി ഇസ്മയില്‍ റാവുത്തര്‍, റോസ് മേരി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ജോണ്‍. ടി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിനോദ്. കെആര്‍കെ., തോമസ് എബ്രഹാം, പോള്‍, ജോയ് ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളില്‍ എന്നിവരും കമ്മിറ്റി മെമ്പര്‍മാരായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലൈസി അലക്സ്, മാധവന്‍ നായര്‍, ലീല മാരേട്ട്, റ്റി.എസ്. ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ