എടത്വ സെന്റ് അലോഷ്യസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
Sunday, January 25, 2015 12:12 PM IST
ന്യൂഡല്‍ഹി: എടത്വ സെന്റ് അലോഷ്യസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഹരിനഗര്‍ സെന്റ് ചാവറ സിഎംഐ ഭവനില്‍ ജനുവരി 25ന് (ഞായര്‍) നടന്നു. രാവിലെ 11 ന് നടന്ന ചടങ്ങില്‍ എടത്വ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ചെറിയാന്‍ തലക്കുളത്തിന് ബൊക്ക നല്‍കി ഹരിനഗര്‍ യൂണിറ്റ് ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്റ് റെജി നെല്ലുക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോസ് കാപ്പില്‍ സ്വാഗതം ആശംസിച്ചു.

കുട്ടനാട്ടുകാരനല്ലെങ്കിലും കുട്ടനാട്ടുകാരുടെ കൂടെ പ്രവര്‍ത്തിച്ച് കുട്ടനാട്ടുകാരനായി മരിക്കാനാണ് ആഗ്രഹമെന്ന് പ്രസംഗത്തില്‍ ഫാ. തലക്കുളം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഹരിനഗര്‍ യൂണിറ്റ് ഉദ്ഘാടനം ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ നിര്‍വഹിച്ചു. ഭാരവാഹികളായി എ.എം ജോസഫ് (പ്രസിഡന്റ്), ജോണ്‍സണ്‍ ആന്റണി (സെക്രട്ടറി), അനീഷ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

എടത്വ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ഏറ്റവും പ്രായം ചെന്ന കുഞ്ഞമ്മ ആന്റണിയെ ചടങ്ങില്‍ ആദരിച്ചു. ഫാ. ചെറിയാന്‍ തലക്കുളത്തിന് പൂര്‍വ വിദ്യാര്‍ഥികളുടെ വക ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഫ്രണ്ട്സ് ഓഫ് കുട്ടനാടിന്റെ മൊമെന്റോ വിനോദ് കുമാര്‍, ഫാ. ചെറിയാന് നല്‍കി. വിനോദ് ബാലകൃഷ്ണന്‍ കവിത ചൊല്ലി. റെജി നെല്ലിക്കുന്നത്ത്, എന്‍.ജി ആന്റപ്പന്‍, വിനോദ് കുമാര്‍, ഡോ. സിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എ.ജെ ജോസഫ് നന്ദി പറഞ്ഞു. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.