കുവൈറ്റ് ടവര്‍ അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും
Sunday, January 25, 2015 11:17 AM IST
കുവൈറ്റ് സിറ്റി: മൂന്നു വര്‍ഷമായി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന കുവൈറ്റ് ടവര്‍ അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാജ്യത്തെ ഏറ്റവും വലിയ ആകര്‍ഷണമാണു കുവൈറ്റ് ടവര്‍. 1976ല്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമദ് അല്‍ സബാഹിന്റെ ഭരണകാലത്താണു ജല വിതരണ പദ്ധതിയുടെ ഭാഗമായി കുവൈറ്റ് ടവര്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം യുനസ്കോ ലോക പൈതൃക പട്ടികയിലേക്കു പരിഗണിക്കുന്നതിനുള്ള പഠനങ്ങള്‍ക്കായി തെരഞ്ഞെടുത്തിരുന്നു. 'ദി മഷ്റൂം ടവേഴ്സ്' എന്നറിയപ്പെടുന്ന ഈ ടവറുകളില്‍ 3,000 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ കഴിയും. ടവറുകളുടെ നിര്‍മാണത്തിലെ മികവ് കണക്കിലെടുത്ത് ആഗാഖാന്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍