മന്ത്രി കെ.സി. ജോസഫുമായി പ്രവാസി സംഘടനാ പ്രതിനിധികള്‍ മുഖാമുഖം നടത്തി
Sunday, January 25, 2015 11:16 AM IST
കുവൈറ്റ്: കേരള പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് കുവൈറ്റിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായി മുഖാമുഖം നടത്തി. പ്രവാസികള്‍ക്കു റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മുഖാമുഖത്തില്‍ മന്ത്രി അറിയിച്ചു. എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം കുവൈറ്റില്‍ ആരംഭിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. സൌദിയിലെ നിതാഖാത്ത് കാലയളവില്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വേണ്ടത്ര ഫലം ചെയ്തിട്ടില്ലെന്നും ബാങ്കുമായി ബന്ധപ്പെടുത്തിയ വായ്പാരീതിയായതാകാം കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍, ഡിസിഎം സുഭാഷിസ് ഗോള്‍ഡര്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ വര്‍ഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു പ്രസംഗിച്ചു.

നിസാര കുറ്റങ്ങള്‍ക്കു ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി നടപടി സ്വീകരിക്കണം, അനധികൃത താമസക്കാരെ പിടികൂടുന്നതിന് ഊര്‍ജിത നടപടിക്കു സാധ്യതയുള്ള സാഹചര്യത്തില്‍ താമസാനുമതി സാധുതയുള്ളതാക്കുന്നതിനു സമയം അനുവദിക്കാന്‍ ഇടപെടണം, മലയാളികള്‍ക്കായി കുവൈറ്റില്‍ നിയമസഹായ സംവിധാനം ഏര്‍പ്പെടുത്തണം, കേരളത്തിലെ കെട്ടിടനികുതി വര്‍ധന പിന്‍വലിക്കണം, പ്രവാസകാലത്തുതന്നെ വിഹിതം സ്വീകരിച്ച് നാട്ടില്‍ ഗള്‍ഫുകാര്‍ക്കുവേണ്ടി പദ്ധതികള്‍ തുടങ്ങാന്‍ നടപടിവേണം,

സഹകരണമേഖലയില്‍ നിക്ഷേപമിറക്കാന്‍ പ്രവാസികള്‍ക്ക് അനുമതി ലഭിക്കും വിധം സഹകരണനിയമം ഭേദഗതി ചെയ്യണം, ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ മേഖലയിലാക്കണം, റിക്രൂട്ട്മെന്റ് നടത്തുന്ന കളങ്കിത കമ്പനികള്‍ക്ക് വീണ്ടും കരാര്‍ ലഭിക്കുന്നതു തടയാന്‍ എംബസി വഴി സമ്മര്‍ദം ചെലുത്തണം, കോഴിക്കോട് വിമാനത്താവളത്തിലേക്കു കുവൈറ്റ് എയര്‍വേസിന് അനുമതി നല്‍കുക, കേരളത്തില്‍ ഉന്നതപഠനത്തിനു സിബിഎസ്ഇക്കാര്‍ക്കു പത്തു മാര്‍ക്ക് കുറയ്ക്കുന്ന രീതി ഒഴിവാക്കുക, കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധന ഒഴിവാക്കാന്‍ ശ്രമിക്കുക, അധ്യാപകരുടെ ശമ്പള വര്‍ധനയും ഉറപ്പാക്കുക തുടങ്ങിയ പ്രവാസികളുടെ നിരവധി ആവശ്യങ്ങള്‍ മന്ത്രിക്കു മുമ്പില്‍ സംഘടനാപ്രതിനിധികള്‍ ഉന്നയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍